തിരുവനന്തപുരം: ഭർത്താവും ഏക മകനും ഒരുമിച്ച് മരണത്തിന് കീഴടങ്ങിയ വേദനയിലും, മകന്റെ അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് കാണാൻ മഹാദാനം നടത്തിയ അമ്മയുടെ ആരോഗ്യ പരിരക്ഷയും ചികിത്സയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച കൊല്ലം ശൂരനാട് അർച്ചനയിൽ രാജൻ പിള്ളയുടെ ഭാര്യയും, അമൽരാജിന്റെ മാതാവുമായ വിജയശ്രീയുടെ (50) ആരോഗ്യ പരിരക്ഷയാണ് ഐ.എം.എ ഏറ്റെടുത്തത്. വിജയശ്രീയെ കേരളത്തിലെ മുപ്പതിനായിരം ഡോക്ടർമാരുടെ അമ്മയായി സ്വീകരിച്ചതായി ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. എൻ. സുൾഫി പറഞ്ഞു. സംസ്ഥാനത്ത് അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐ.എം.എയുടെ നടപടി.
ഷാർജ പൊലീസിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങിയ രാജൻപിള്ളയും മകൻ അമലും സഞ്ചരിച്ച കാർ ഭരണിക്കാവ് വച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജൻപിള്ള തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
ഉറ്റവർ വേർപെട്ട വേദനയിലും വിജയശ്രീ കാട്ടിയ കാരുണ്യത്താൽ നാല് പേർക്കാണ് ജീവിതം തിരികെ ലഭിച്ചത്. അമലിന്റെ വൃക്കകളും കരളും കണ്ണുമാണ് ദാനം ചെയ്തത്. ഏനാത്ത് സെന്റ് സിറിയൻ കോളേജിലെ ബി.കോം വിദ്യാർത്ഥിയായിരുന്നു അമൽ.