നെയ്യാറ്റിൻകര: യാത്രാദുരിതത്തിൽ നട്ടംതിരിയുന്ന നെയ്യാറ്രിൻകര നിവാസികൾക്ക് റെയിൽവേയും കനിവുകാട്ടുന്നില്ല. റോഡിലെ ഗതാഗത കുരുക്കുകാരണം നാട്ടുകാർക്ക് ട്രയിനിനെ ആശ്രയിക്കാമെന്നുകരുതിയാൽ അതും ഊരാക്കുടുക്കാവും. രാവിലെ 7നും 8.30നും ഉള്ള പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് തലസ്ഥാനത്തേക്ക് പോകുവാൻ നെയ്യാറ്റിൻകര നിവാസികളുടെ ഏക ആശ്രയം. അതും രാവിലെയുള്ള പുനലൂർ- മധുര പാസഞ്ചറിലാകട്ടെ രണ്ട് ബോഗികൾ മാത്രമാണ് നോൺ റിസർവേഷൻ കംപാർട്ടുമെന്റുകളായുള്ളത്. ബാക്കിയെല്ലാം റിസർവേഷൻ കംപാർട്ടുമെന്റുകളാണ്. സാധാരണ യാത്രക്കാർ അത്തരം ബോഗികളിൽ കയറിയാൽ ട്രെയിൻ പുറപ്പെട്ടതു മുതലുള്ള ടിക്കറ്റ് ഫെയറും അതിന്റെ മുന്നൂറ് ശതമാനം അധിക പിഴയും നൽകേണ്ടി വരും. അനുവദിച്ചിട്ടുള്ള ബോഗികളിലാകട്ടെ യാത്രക്കാർക്ക് നിന്നു തിരിയാൻ ഇടമില്ല. തിങ്ങിഞ്ഞെരുങ്ങിയാണ് ഇതിലെ യാത്ര. അതേസമയം കൂടുതൽ നാഗർകോവിൽ - കൊച്ചുവേളി പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്ന റെയിൽവേ യൂസേഴ്സ് അസോസിയേഷന്റെ എല്ലാ നിവേദനങ്ങളും സതേൺറെയിൽവേ ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു.
ഒ. രാജഗോപാൽ റെയിൽവെ വകുപ്പ് സഹമന്ത്രിയായിരിക്കെയാണ് മിക്ക ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് അനുവദിച്ചത്. നിറുത്തുന്ന ട്രെയിനുകളിൽ കൂടുതൽ ബോഗി അനുവദിച്ചാൽ യാത്രാദുരിതത്തിന് താത്കാലികമായെങ്കിലും പരിഹാരം കാണാൻ കഴിയുമെന്ന് യാത്രക്കാർ പറയുന്നു. ഒരു മിനിട്ട് മാത്രമാണ് നെയ്യാറ്റിൻകരയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരത്തു നിന്നും വരുന്ന ട്രെയിനുകളിൽ നെയ്യാറ്റിൻകരയിൽ ഇറങ്ങാൻ കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ ഈ ഒരു മിനിട്ടിനുള്ളിൽ ഇവിടെ നിന്നും ട്രെയിനിൽ കയറാൻ നില്കുന്ന യാത്രക്കാർക്ക് പലപ്പൊഴും പറ്രാതെവരുന്നതായി യാത്രക്കാർ പറയുന്നു.