atl10ja

ആറ്റിങ്ങൽ: വാമനപുരം നദിക്ക് കുറുകേ അവനവഞ്ചേരി ഗ്രാമം മുക്ക് മുള്ളിയിൽ കടവിൽ പാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കടക്കുന്നു. ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഇവിടുള്ള നാട്ടുകാർ പാലത്തിനുവേണ്ടി മുറവിളി കൂട്ടുക പതിവാണ്. എല്ലാം ശരിയാക്കി തരാമെന്ന് പറഞ്ഞ് ജയിച്ചു പോയവർ ഈ കാര്യത്തിൽ ഉദാസീനത കാട്ടുകയാണെന്നാണ് നാട്ടുകാരുടെ വാദം.പുതിയ ബഡ്ജറ്റിലെങ്കിലും മുള്ളിയിൽ കടവ് പാലത്തിന് തുക അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാമനപുരം നദിക്ക് കുറുകെ മുള്ളിയിൽ കടവിൽ ഒരു പാലം വന്നാൽ ഈ പ്രദേശത്തുകാർക്ക് ആറ്റിങ്ങലെത്താൻ കിലോമീറ്ററുകളുടെ ലാഭമാണ് ഉണ്ടാകുക. ഇപ്പോൾ കട്ടപ്പറമ്പുകാ‌ർ കാൽനടയായി കിലോമീറ്ററുകൾ താണ്ടി രണ്ടും മൂന്നും ബസു കയറി വേണം ആറ്റിങ്ങലിലെത്താൻ.കൂടാതെ ഈ പ്രദേശത്തുനിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് അവനവഞ്ചേരി ഹൈസ്കൂളിലേയ്ക്കും ആറ്റിങ്ങലിലെ വിവിധ സ്കൂളുകളിലേയ്ക്കും പ‍ഠനത്തിനായി പോകുന്നത്. സർക്കാർ സംബന്ധമായ എല്ലാ കാര്യങ്ങളും നിർവഹിക്കാൻ കട്ടപ്പറമ്പുകാർക്ക് ആറ്റിങ്ങലിൽ എത്തിയേ തീരൂ. സാധനങ്ങൾ വാങ്ങാൻ അവനവഞ്ചേരി മാർക്കറ്റിലേക്കാണ് പ്രദേശത്തുകാർ പോകുന്നത്. ഇതിനും ഇവർ ആശ്രയിക്കുന്നത് മുള്ളിയിൽ കടവിലെ കടത്താണ്. രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാർത്ഥികളെ കുത്തികയറ്റിയാണ് വള്ളം നീങ്ങുന്നത്. അത് അപകടസാദ്ധ്യത ഏറ്റുകയാണ്.