parassala

പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയായിവരുന്ന 111.2 അടി ഉയരമുള്ള മഹാശിവലിംഗം ലോകത്തിലെ ഏറ്റവും ഉയരം കൂടിയതാണെന്ന് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് പ്രതിനിധികൾ അളന്നു തിട്ടപ്പെടുത്തി ക്ഷേത്ര അധികൃതർക്ക് സർട്ടിഫിക്കറ്റ് നൽകി. ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തുന്നതിന് മുന്നോടിയായി ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സിന്റെ പരിശോധനയുടെ ഭാഗമായിട്ടാണ് ഇവർ എത്തിയത്.

സംഘത്തലവൻ ഡോ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ശിവലിംഗത്തിനുള്ളിൽ പ്രവേശിച്ച് നിർമ്മാണ രീതികൾ വിലയിരുത്തിയ ശേഷമാണ് ഉയരം അളന്നത്. തുടർന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലംഗമാണെന്ന സർട്ടിഫിക്കറ്റ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്ക് കൈമാറി. ഒ. രാജഗോപാൽ എം.എൽ.എ, ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറി പി.പി. മുകുന്ദൻ, ക്ഷേത്ര ഭരണസമിതി സെക്രട്ടറി പ്രൊഫ. തുളസീധരൻ നായർ, മഹേശ്വരം കുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ക്ഷേത്രാങ്കണത്തിൽ നടന്ന യോഗം സ്വാമി മഹേശ്വരാനന്ദ ഉദ്‌ഘാടനം ചെയ്തു.

ശിവലിംഗത്തിനുള്ളിൽ എട്ട് നിലകളുണ്ട്. ഓരോ നിലയിലും സന്ദർശകർക്ക് ആരാധനാ സൗകര്യമുണ്ടാകും. ആദ്യത്തെ നിലയിൽ 108 ശിവലിംഗങ്ങൾ പ്രതിഷ്ഠിക്കും. എട്ടാം നിലയായ കൈലാസത്തിൽ ശിവ പാർവതിമാരുടെയും ഗണപതിയുടെയും മുരുകന്റെയും വിഗ്രഹങ്ങളുടെ പ്രതിഷ്ഠ നടത്തും. കർണാടക കോളാറിലെ കോടിലിംഗേശ്വര ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള 108 അടി ശിവലിംഗമാണ് നിലവിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരിക്കുന്നത്.