തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണം മുന്നാക്ക സമുദായത്തിന്റെ വോട്ട് ലക്ഷ്യമാക്കിയുള്ള തന്ത്രമാണെന്നും ഈ വിഷയത്തിൽ എല്ലാ സംവരണ സമുദായങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. കെ.എ.എസ് സംവരണ അട്ടിമറിക്കും സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനുമെതിരേ എം.എസ്.എഫ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവരണനിഷേധം സർക്കാർ സർവീസിൽ തുടരുകയാണ്. അതിനൊപ്പമാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) ഒരു വിഭാഗത്തിൽ മാത്രം സംവരണം നടപ്പാക്കിയാൽ മതിയെന്ന തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. കെ.എ.എസിൽ മൂന്ന് വിഭാഗത്തിലും സംവരണം നടപ്പാക്കണമെന്ന വിവിധ കമ്മിഷനുകളുടെ റിപ്പോർട്ടുകൾ സർക്കാർ അപ്പാടെ തള്ളി. അഡ്വക്കേറ്റ് ജനറൽ നൽകിയ റിപ്പോർട്ട് മുന്നിൽവച്ചാണ് കെ.എ.എസിൽ ഒരു വിഭാഗത്തിൽ മാത്രം സംവരണം നടപ്പാക്കിയാൽ മതിയെന്ന നിലപാടുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സാമ്പത്തിക സംവരണ നയം ഒട്ടും നീതിയുക്തമല്ലെന്ന് മുൻമന്ത്രി നീലലോഹിതദാസൻ നാടാർ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ലഭിക്കേണ്ട സംവരണത്തിലും അവസരത്തിലും വിള്ളൽ വീഴ്ത്തിക്കൊണ്ടാകരുത് സാമ്പത്തിക സംവരണം. ജാതീയമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ഇപ്പോഴും അടിമത്തം അനുഭവിക്കുന്നവരാണ് പിന്നാക്കജാതിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കെ.എൻ.എ. ഖാദർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എം. ഉമ്മർ, എൻ.എ. നെല്ലിക്കുന്ന്, പി. ഉബൈദുള്ള, ലത്തീൻ അതിരൂപതാ വികാരി ജനറൽ യൂജിൻ പെരേര, ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ, വി.ആർ. ജോഷി, ഡോ. പി. നസീർ ബീമാപള്ളി റഷീദ്, പ്രൊഫ. തോന്നയ്ക്കൽ ജമാൽ തുടങ്ങിയവർ സംസാരിച്ചു. എം.എസ്.എഫ് ജനറൽ സെക്രട്ടറി എം.പി. നവാസ് സ്വാഗതവും ട്രഷറർ യൂസഫ് വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.