diff-abled

തിരുവനന്തപുരം: വായ്പയെക്കാൻ ഈടുവയ്ക്കാൻ മാർഗമില്ലാത്ത ഭിന്നശേഷിക്കാർക്കായി സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 'ആശ്വാസം' പദ്ധതി ആവിഷ്‌കരിക്കുന്നു. ഇതിലേക്കായി ഒരു കോടി രൂപയുടെ ഭരണാനുമതി മന്ത്രി കെ.കെ.ശൈലജ നൽകി.

ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് 25,000 രൂപയാണ് ധനസഹായം അനുവദിക്കുന്നത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് 400 പേർക്ക് ധനസഹായം ലഭിക്കും. ഭിന്നശേഷിക്കാരായ തൊഴിൽരഹിതരിൽ നിന്നും വികലാംഗക്ഷേമ കോർപ്പറേഷൻ ഇതിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകർ 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിത്വമുള്ളവരും, 18 വയസ് പൂർത്തിയായവരും ഈടുവയ്ക്കാൻ വസ്തുവകകൾ ഇല്ലാത്തവരും കോർപ്പറേഷനിൽ നിന്നോ, മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതേ ആവശ്യത്തിന് സബ്‌സിഡിയോടുകൂടിയ വായ്പയോ, ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. തീവ്ര ഭിന്നശേഷിത്വം ബാധിച്ചവർ, ഭിന്നശേഷിക്കാരായ വിധവകൾ, ഗുരുതര രോഗബാധിതരായ ഭിന്നശേഷിക്കാർ, 14 വയസ് തികഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്കായി ജില്ലാതലത്തിൽ ആവശ്യമായ പരിശീലനം നൽകും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഫെബ്രുവരി 5 ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 12 വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷാഫോറം www.hpwc.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 04712347768, 7152, 7153, 7156.