youth-congress-march

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രയോഗം തുടരും. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ക്ലിഫ് ഹൗസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിനെതിരായ സമരങ്ങൾ തച്ചുടയ്ക്കാൻ ശ്രമിക്കുന്നതിനെതിരെ കേരളമാകെ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. വെള്ളയമ്പലം അക്കാമ്മ ചെറിയാൻ പാർക്കിന് സമീപത്ത് നിന്നാരംഭിച്ച മാർച്ച് ക്ലിഫ് ഹൗസിന് സമീപം പൊലീസ് ബാരിക്കേഡുപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്.എം. ബാലു, ജി. ലീന, ജില്ലാ പ്രസിഡന്റ് വിനോദ് യേശുദാസ്, മാർട്ടിൻ പി. പെരേര, വിനോദ് കോട്ടുകാൽ, ഷജീർ, നജീബ് ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.