kunju

ആര്യനാട്: ഉഴമലയ്ക്കലിൽ ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഉഴമലയ്ക്കൽ പഞ്ചായത്തിലെ മരങ്ങാട് മുക്കോലക്കൽ ഷിജു ഭവനിൽ ഷിജു-സൗമ്യ ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകൾ ക്രിസ്റ്റീനയ്ക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. സൗമ്യ ക്രിസ്റ്റീനയെ വീടിന്റെ മുൻവശത്തെ ഹാളിൽ കിടത്തിയിട്ട് മൂത്ത കുട്ടിയെ കുളിപ്പിക്കാൻ പോയസമയത്താണ് നായ വീടിനുള്ളിൽ കയറി കുഞ്ഞിനെ ഉപദ്രവിച്ചത്. കരച്ചിൽ കേട്ട് സൗമ്യ ഓടിയെത്തുമ്പോഴേയ്ക്കും ക്രിസ്റ്രീനയുടെ മുഖത്തും കഴുത്തിലും,വലതു കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയെ ഉടൻ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാലിന്യ നിക്ഷേപം കാരണം ഈ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായിരുന്നു. കഴിഞ്ഞ മാസം ഇവിടെ തെരുവ് നായ ആടുകളെ കടിച്ചു കൊന്നിരുന്നു.