മലയിൻകീഴ് : മാറനല്ലൂരിൽ അമിത വേഗതയിലെത്തിയ ടിപ്പർ ലോറി പാലത്തിന്റെ കൈവരി തകർത്ത് 30 അടി താഴ്‌ചയുള്ള നെയ്യാറിന്റെ കനാലിൽ മറിഞ്ഞു. അത്ഭുതകരമായി രക്ഷപ്പെട്ട ഡ്രൈവർ മര്യാപുരം സ്വദേശി ജോയിയെ (32) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ 5.30ന് മാറനല്ലൂർ - പുന്നാവൂർ റോഡിൽ പൊലീസ് സ്റ്റേഷന് സമീപത്തെ ഇടുങ്ങിയ പാലത്തിലാണ് അപകടമുണ്ടായത്. മര്യാപുരത്തു നിന്ന് പുലർച്ചെ കോടന്നൂരിലെ പാറമടയിലേക്ക് പോയ ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. കനാൽ ചാനൽപ്പാലത്തിന്റെ കൈവരികൾ തകർത്ത ടിപ്പർ തലകീഴായി കുഴിയിലേയ്‌ക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് അപകടവിവരം ആദ്യമറിഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് കൈയ്‌ക്കും തലയിലും പരിക്കേറ്റ ജോയിയെ പുറത്തെടുത്തത്. അമിതവേഗമാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.