paddy

തിരുവനന്തപുരം: ക്രമപ്രകാരമല്ലാതെ നികത്തിയ നെൽവയലും തണ്ണീർത്തടവും പൂർവസ്ഥിതിയിലാക്കുന്നതിന്റെ ഭാഗമായി പിടിച്ചെടുത്ത മണലും കളിമണ്ണും വാഹനങ്ങളും യാനങ്ങളും ലേലം ചെയ്യും. കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമത്തിനായി പുറത്തിറക്കിയ വിജ്ഞാപനത്തിൽ ലേല ചട്ടങ്ങൾ വിശദീകരിക്കുന്നുണ്ട്.

ജില്ലാ കളക്ടർ നിശ്ചയിക്കുന്ന വിലയുടെ ഒന്നര മടങ്ങിന് തുല്യമായ തുക കെട്ടിവയ്ക്കാൻ ഉടമസ്ഥനോ സൂക്ഷിപ്പുകാരനോ തയ്യാറല്ലെങ്കിൽ പിടിച്ചെടുത്ത വസ്തുക്കൾ ലേലത്തിൽ വിൽക്കാം. വസ്തുക്കളുടെ വിവരങ്ങളടങ്ങിയ പട്ടിക ജില്ലാ കളക്ടറോ അദ്ദേഹം ചുമതലപ്പെടുത്തിയ ഡെപ്യൂട്ടി തഹസിൽദാരുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനോ കളക്ടറേറ്റ്, ബന്ധപ്പെട്ട താലൂക്ക്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കണം. ലേല തീയതിക്ക് മൂന്നു ദിവസം മുമ്പ് നോട്ടീസിന്റെ പകർപ്പ് വസ്തുവിന്റെ ഉടമസ്ഥന് നൽകണം.

നെൽവയൽ ക്രമപ്പെടുത്തുന്നതിന് സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് കളക്ടർക്ക് ലഭിക്കാൻ മൂന്ന് മാസത്തിലധികം വൈകിയാൽ സമാന്തര ഏജൻസികളായി സർക്കാർ നിശ്ചയിച്ചവയിലൊന്നിൽ നിന്ന് റിപ്പോർട്ട് സ്വീകരിച്ച് നടപടിയെടുക്കാം.

സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡ്, കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ്, കോഴിക്കോട്ടെ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, പട്ടാമ്പിയിലെ റീജിയണൽ അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷൻ എന്നീ സ്ഥാപനങ്ങളിലൊന്നിനോടാണ് റിപ്പോർട്ട് തേടേണ്ടത്.

പിഴ ഇങ്ങനെ

 നെൽവയലും തണ്ണീർത്തടവും ക്രമപ്പെടുത്താൻ പഞ്ചായത്ത് പരിധിയിൽ 20.23 ആറിന് മുകളിൽ 40.47 ആർ വരെ 20 ശതമാനവും ഇതിന് മുകളിൽ 30 ശതമാനവും വരെ പിഴ ഈടാക്കും

 20.33 ആർ വരെ മുനിസിപ്പാലിറ്റിയിൽ 20 ശതമാനം, കോർപറേഷനിൽ 30 ശതമാനം 40.47 ആർ വരെ മുനിസിപ്പാലിറ്റിയിൽ 30 ശതമാനം, കോർപറേഷനിൽ 40 ശതമാനം ഇതിന് മുകളിൽ യഥാക്രമം 40, 50 ശതമാനവുമാണ് പിഴ

ക്രമപ്പെടുത്തിയ ഭൂമിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറ വിസ്തീർണം 3000 ചതുരശ്ര അടിയിൽ കൂടുതലാണെങ്കിൽ ഓരോ ചതുരശ്ര അടിക്കും 100 രൂപ വീതം ഫീസ് അധികമായി അടയ്ക്കണം