കല്ലമ്പലം: പഞ്ചായത്തുകളിൽ കാർഷിക മേഖലയുടെ പുരോഗതിക്കായി വിഭാവനം ചെയ്ത പദ്ധതികളെല്ലാം കടലാസിലൊതുങ്ങുന്നു. കാലാകാലങ്ങളായി നടപ്പാക്കാനുദ്ദേശിച്ച പദ്ധതികൾ വികസന രേഖയിലും മതിപ്പ് ബജറ്റിലും യാതൊരു മാറ്റവുമില്ലാതെ തുടർച്ചയായി ഇടം നേടുകയാണ്. കല്ലമ്പലത്തെ കാർഷിക മേഖല തകർച്ചയിലാണെന്ന ആക്ഷേപം ഇവിടെ ശക്തമാണ്. തുടർന്ന് കുടുംബശ്രീ ഹരിത സംഘം സന്നദ്ധ സംഘടനകളെക്കൊണ്ട് കൃഷിയിറക്കുമെന്നായിരുന്നു വ്യക്‌തമാക്കിയത്. എന്നാൽ തരിശു ഭൂമികൾ മിക്കതും തരിശായി തന്നെ തുടരുകയാണിപ്പോഴും. ഇതിനോടകം പലേടത്തും കൃഷി ഭൂമി നികത്തിക്കഴിഞ്ഞു. പാട്ടത്തിനെടുക്കുക പോയിട്ട് അതിനുള്ള പ്രാരംഭനടപടികൾ പോലുമായില്ലെന്ന് നാട്ടുകാർ പറയുന്നു.
ഔഷധ കൃഷി പ്രോത്സാഹിപ്പിക്കൽ, തെങ്ങു കൃഷി പരിപാലനം, കരകൃഷി വിപുലീകരണം തുടങ്ങി നിരവധി പദ്ധതികൾ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങളായിരുന്നു. ഈ പദ്ധതികളൊക്കെ ഫയലുകളിൽ വിശ്രമിക്കുകയാണ്. തെങ്ങുകയറ്റ പരിശീലനവും, വിള സംരക്ഷണത്തിന് ഇൻഷുറൻസും, പൗൾട്രീഫാം ആരംഭിക്കലുമൊക്കെ ഇതിനു പുറമേയുണ്ട്. എന്നാൽ പദ്ധതികൾ പലതും തുടർച്ചയായാണ് വരുന്നതെന്നും അതുകൊണ്ടുതന്നെ പഴയ പദ്ധതികൾ നടപ്പാക്കാൻ ഇനിയും കാലതാമസം വേണ്ടിവരുമെന്നുമാണ് അധികൃതർ പറയുന്നത്. കാർഷികമേഖലയിലെ ബൃഹത് പദ്ധതികൾ നടപ്പിലാക്കി ഈ രംഗത്തെ തകർച്ച വീണ്ടെടുക്കാൻ അധികൃതർ ശ്രമിക്കണമെന്നാണ് കർഷകരുടെ ആവശ്യം.