അഴിമതി നടത്തി കണക്കറ്റ് സമ്പാദിച്ച് കൂട്ടിയതിന്റെ പേരിൽ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ സ്വത്ത് കണ്ടുകെട്ടിയ സംഭവം സംസ്ഥാനത്ത് ആദ്യത്തേതാണ്. പ്രിൻസിപ്പൽ സെക്രട്ടറിയായി സർവീസിൽനിന്ന് വിരമിച്ച ടി.ഒ. സൂരജിന്റെ 8.80 കോടിയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടുകെട്ടിയത്.
സാന്ദർഭികമായി ടി.ഒ. സൂരജ് ആദ്യത്തെ ആളായെന്നേ ഉള്ളൂ. അധികാരത്തിന്റെ വലയെറിഞ്ഞ് കാശുവാരി പിരിഞ്ഞുപോയ 'പിടികിട്ടാപുള്ളികളായ" ഉന്നത ഉദ്യോഗസ്ഥർ, അവരുടെ എണ്ണം കുറവാണെങ്കിലും, ഇല്ലാത്ത നാടല്ലിത്. ഒരു കേസുപോലും ഉണ്ടാകാതെ അങ്ങനെ സുഖമായി പിരിഞ്ഞുപോയവരുടെ വഴി കണ്ട് കൊതിച്ച് അതുവഴി ഗമിച്ച സൂരജ് വീണുപോയെന്നേ ഉള്ളൂ. പക്ഷേ ഇൗ കേസ് അഴിമതിക്കാരല്ലാത്ത ഭൂരിപക്ഷം വരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്കും നാണക്കേട് സൃഷ്ടിക്കുന്നതാണ്. അഴിമതിക്കാരായ ചുരുക്കം ചിലർക്ക് ഭീതിയും.
ദീർഘകാലം പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനാണ് സൂരജ്. കണക്കിൽ കവിഞ്ഞ പണം ഏറ്റവും കൂടുതൽ സമ്പാദിച്ച കാലയളവും ഇതാവും. 2004 മുതൽ 2014 വരെ. പൊതുമരാമത്ത് വകുപ്പിൽ കരാറുകാരാണ് കൈക്കൂലി കൊടുക്കുന്നത്. അതിൽ വലിയ റോഡുകളുടെയും പാലങ്ങളുടെയും ഭീമൻ കരാറുകാർ മുതൽ ലൊട്ടിലൊടുക്ക് പണികളുടെ ചെറിയ കരാറുകാർ വരെ ഉൾപ്പെടും. ആരും അവരുടെ കൈയിൽ നിന്നല്ല കൈക്കൂലി കൊടുക്കുന്നത്. പണിക്ക് അനുവദിച്ച അടങ്കൽ തുകയിൽ നിന്നാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ പർവ്വങ്ങൾക്കുള്ള വീതം ആദ്യം മാറ്റിവയ്ക്കണം. അതുകഴിഞ്ഞുള്ള തുകയിൽ നിന്ന് തന്റെ ലാഭം മാറ്റണം. അതുകഴിഞ്ഞുള്ള പെർസെന്റേജാണ് റോഡിൽ വീഴുന്നത്. അതിനാൽ ആദ്യത്തെ മഴയ്ക്ക് തന്നെ റോഡ് കുണ്ടും കുഴിയുമാവുന്നത് വെറുതേയല്ല. കൈക്കൂലി വാങ്ങുന്നവർക്ക് കൂടി സഞ്ചരിക്കേണ്ട റോഡിനോടാണ് അവരീ ആത്മവഞ്ചന കാണിക്കുന്നത്. പക്ഷേ ഇൗ സന്ദർഭത്തിൽ മറ്റൊരു കാര്യം പറയാതിരിക്കുന്നത് ശരിയല്ല. ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായതിനുശേഷം ഇതിൽ വലിയ മാറ്റം വന്നിട്ടുണ്ട്.മന്ത്രി അറിഞ്ഞാൽ പിടിവീഴും എന്ന ഭയം അഴിമതിക്കാരെ ഉൾവലിയാൻ പ്രേരിപ്പിച്ചു.
'എമ്പ്രാനല്പം കട്ട് ഭുജിച്ചാലമ്പലവാസികളൊക്കെ കക്കും" എന്ന് കുഞ്ചൻനമ്പ്യാർ എഴുതിയത് അഴിമതിയെ സംബന്ധിച്ച് നൂറു ശതമാനം ശരിയാണ്. പൊതുമരാമത്ത് വകുപ്പിൽ സൂരജിന് ലഭിച്ച താങ്ങും തണലും സംരക്ഷണവുമാണ് ഇൗ നിലയിൽ വളർത്തിവലുതാക്കി എൻഫോഴ്സ്മെന്റിന്റെ വലയിൽ കുടുക്കാൻ ഇടയാക്കിയത്.
സൂരജിനെതിരെ കോടതി ഉത്തരവിനെത്തുടർന്ന് വിജിലൻസ് എടുത്ത കേസിലാണ് അഴിമതികൾ അക്കമിട്ട് നിരത്തപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പുറം സംസ്ഥാനങ്ങളിലും കണ്ണായ വസ്തുക്കളും ആഡംബര ഭവനങ്ങളും മറ്റു സമ്പാദ്യങ്ങളും കുടുംബാംഗങ്ങളുടെ പേരിൽ വാങ്ങിച്ചുകൂട്ടി. യഥാർത്ഥ വരുമാനത്തിന്റെ മുന്നൂറിരട്ടി സമ്പാദിച്ചതായാണ് കണ്ടെത്തൽ.
എല്ലാ അഴിമതിയുടെയും വേരുകൾ മനുഷ്യന്റെ അടങ്ങാത്ത ആർത്തിയിലാണ് പടർന്നുകിടക്കുന്നത്. വിജിലൻസ് കേസിനെത്തുടർന്ന് കുറെക്കാലത്തേക്ക് സസ്പെൻഷനിലായ സൂരജ് വൈകാതെ സ്ഥാനക്കയറ്റങ്ങൾ ലഭിച്ച് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലെത്തിയാണ് വിരമിച്ചത്. യഥാർത്ഥത്തിൽ അഴിമതിയെക്കാൾ എതിർക്കപ്പെടേണ്ടത് ഇതാണ്. എന്തുകാണിച്ചാലും മുകളിൽ പിടി ഉണ്ടെങ്കിൽ ഒരു ചുക്കും സംഭവിക്കുകയില്ല എന്ന സന്ദേശമാണ് ഇൗ സ്ഥാനക്കയറ്റങ്ങൾ മറ്റ് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് നൽകുന്നത്. അഴിമതി കേസിൽ കുരുങ്ങുന്നവരുടെ പ്രമോഷനെങ്കിലും കുറഞ്ഞപക്ഷം തടയാൻ നിയമനിർമ്മാണത്തിലൂടെ ഭരണകർത്താക്കൾ ശ്രദ്ധിക്കേണ്ടതാണ്.
ഉയർന്ന ഉദ്യോഗസ്ഥരുടെയും കീഴുദ്യോഗസ്ഥരുടെയും അഴിമതി തടയാനുള്ള സംവിധാനമൊക്കെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. പക്ഷേ ഇത് ഉയർന്ന ഉദ്യോഗസ്ഥന്മാരുടെ പ്രത്യേകിച്ച് ഐ.എ.എസ് തലത്തിലുള്ളവരുടെ കാര്യത്തിൽ ഫലപ്രദമായി പ്രവർത്തിക്കില്ല. ഒരു വില്ലേജ് ഒാഫീസറെ കൈയോടെ കൈക്കൂലി കേസിൽ പിടിക്കാൻ കാണിക്കുന്ന വീര്യം ഉയർന്ന ഉദ്യോഗസ്ഥരുടെ കാര്യത്തിൽ വിജിലൻസ് എടുക്കാറില്ല. കുറ്റവാസനയുടെ അംശങ്ങൾ ഏറിയും കുറഞ്ഞും എല്ലാവരിലും ഉണ്ടാകാം. നിയമവാഴ്ചയെ സംബന്ധിച്ച ഭീതിയാണ് ഭൂരിപക്ഷത്തെയും അതിൽ നിന്ന് പിന്തിരിപ്പിച്ച് നിറുത്തുന്നത്. തെറ്റ് കാണിച്ചാൽ പിടിക്കപ്പെടും, ശിക്ഷിക്കപ്പെടും എന്ന ശക്തമായ ബോധവും ഭയവും ഉണ്ടായാൽ അഴിമതിയും നിയന്ത്രണവിധേയമാകും. അതിന് ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ പിൻബലം അനിവാര്യമാണ്. അഴിമതിക്കെതിരെ കണ്ണുംകാതും തുറന്നിരിക്കുന്ന ജാഗരൂകമായ തുരുത്തുകൾ പൗര സമൂഹത്തിൽ ഉണ്ടായിവരുന്നുണ്ട്. അവർ ശക്തിപ്രാപിക്കുമ്പോൾ അഴിമതി നിയന്ത്രണ സംവിധാനവും ശക്തമാകുമെന്ന് പ്രതീക്ഷിക്കാം.