kovalam

കോവളം: മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുന്നതാണ് യോഗയെന്നും ഗുരുദേവനെ പോലെയുള്ള യോഗി വര്യന്മാരുടെ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അഭിപ്രായപ്പെട്ടു. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌ മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്. ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി യോഗയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ കുന്നുംപാറയിൽ പ്രാവർത്തികമാക്കുമെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിർമ്മിച്ച ശ്രീനാരായണ ഗുരു മഹാസമാധി നവതി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥ അദ്ധ്യക്ഷനായിരുന്നു. സ്വാമി പ്രകാശാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ശുഭാംഗാനന്ദ സ്വാമി നിത്യസ്വരൂപാനന്ദ സ്വാമി വിശാലാനന്ദ, സ്വാമി നാരായണാനന്ദ, എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ്, സെക്രട്ടറി തോട്ടം കാർത്തികേയൻ, ഡോ.പി.പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ തുടങ്ങിയവർ സംസാരിച്ചു.