തിരുവനന്തപുരം: സംസ്ഥാനത്തെ 39 സർക്കാർ കോളേജുകളിലായി 141 അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സെക്രട്ടേറിയേറ്റ് അനക്‌സ് 2 ബ്ലോക്കിൽ പൊതുമരാമത്ത് വൈദ്യുതി വിഭാഗത്തിന്റെ പ്രവർത്തനത്തിന് 8 തസ്തികകൾ സൃഷ്ടിക്കും. വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ 48 അദ്ധ്യാപകേതര തസ്തികകൾ താത്കാലികമായി സൃഷ്ടിക്കും. ഹൈക്കോടതിക്ക് വേണ്ടി അഞ്ച് താത്കാലിക ഇൻഫർമേഷൻ ടെക്‌നോളജി തസ്തിക സൃഷ്ടിക്കും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പോർട്‌സ് ആയുർവേദ ആൻഡ് റിസർച്ചിന് (തൃശൂർ) 20 സ്ഥിരം തസ്തികകളും 8 താത്കാലിക തസ്തികകൾ ദിവസ വേതനാടിസ്ഥാനത്തിലും അനുവദിക്കും. ട്രാവൻകൂർ- കൊച്ചി മെഡിക്കൽ കൗൺസിലിലെ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ ഒഴികെയുളള ജീവനക്കാരുടെ നിയമനം പി.എസ്.സി മുഖേന നടത്തുന്നതിന് നിയമം കൊണ്ടുവരും. ഇതു സംബന്ധിച്ച് 2018ലെ കേരള പബ്ലിക് സർവീസ് കമ്മിഷൻ (ട്രാവൻകൂർ- കൊച്ചിൻ മെഡിക്കൽ കൗൺസിലിനെ സംബന്ധിച്ച ചുമതലകൾ) ബില്ലിന്റെ കരട് അംഗീകരിച്ചു. പി.എസ്.സി ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിന് കൊല്ലം ജില്ലയിൽ മുണ്ടക്കൽ വില്ലേജിൽ 16.2 ആർ പുറമ്പോക്കു ഭൂമി പാട്ടത്തിനു നൽകും.

കബനി റിവർവാലി: വായ്പ എഴുതിത്തള്ളും

വയനാട് ജില്ലയിൽ 1998- 99 മുതൽ നടപ്പാക്കിയ കബനി റിവർവാലി പദ്ധതിയുടെ 3,496 ഗുണഭോക്താക്കൾക്ക് അനുവദിച്ച 85.47 ലക്ഷം രൂപയുടെ വായ്പയും പിഴപ്പലിശയും അടക്കം 1.17 കോടി രൂപ എഴുതിത്തള്ളാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കഠിന വരൾച്ചയും പ്രകൃതിക്ഷോഭവും മൂലമുണ്ടായ കൃഷിനാശവും ദുരിതവും കണക്കിലെടുത്താണിത്. അരീക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത ഇരട്ട കൊലപാതകക്കേസിൽ തൊണ്ടി സാധനങ്ങൾ കണ്ടെടുക്കുന്നതിന് ചാലിയാറിൽ തിരച്ചിൽ നടത്തുമ്പോൾ മുങ്ങിമരിച്ച എം.വി. റിയാസിന്റെ വിധവയ്ക്ക് സർക്കാർ ജോലി നൽകാനും തീരുമാനിച്ചു.