തിരുവനന്തപുരം: 48 മണിക്കൂർ ദേശീയ പണിമുടക്കിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് കൈയേറി സമരപ്പന്തലൊരുക്കിയ അഞ്ഞൂറ് പേർക്കെതിരെ കേസെടുത്തു. സംയുക്ത സമരസമിതി നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, ആനാവൂർ നാഗപ്പൻ, വി. ശിവൻകുട്ടി തുടങ്ങിയവരുൾപ്പെടെ 500 പേർക്കെതിരെ കേസെടുത്തതായി കന്റോൺമെന്റ് പൊലീസ് അറിയിച്ചു. പൊതുനിരത്തുകൾ കൈയേറി സമരപ്പന്തൽ കെട്ടരുതെന്ന കോടതി ഉത്തരവ് ലംഘിച്ച്, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാലാണ് നടപടി.
പണിമുടക്ക് നടന്ന രണ്ട് ദിവസങ്ങളിലും നടുറോഡിൽ പങ്കജ് ഹോട്ടലിന് എതിർവശത്ത് ട്രഷറിക്ക് മുന്നിൽ സമരപ്പന്തൽ ഉണ്ടായിരുന്നു. ഇതിന് മുന്നിലായി സമരക്കാർക്ക് വെയിൽ ഏൽക്കാതെ ഇരിക്കാൻ നീളൻ പന്തലുകളും ഒരുക്കി. റോഡ് മുഴുവൻ കസേര നിരത്തി സമരക്കാരിരുന്നു. പന്തലിനായി ആദ്യ ദിവസം സെക്രട്ടേറിയറ്റിലെ സൗത്ത്ഗേറ്റ് അടച്ചെങ്കിലും രണ്ടാം ദിവസം തുറന്നു. സ്‌പെൻസർ ജംഗ്ഷന് മുന്നിൽ കയർകെട്ടി റോഡ് അടച്ചാണ് പാളയത്ത് നിന്നു വരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിട്ടത്. വൈ.എം.സി.എയിൽ നിന്ന് സ്റ്റാച്യുവിലേക്കുള്ള റോഡും അടച്ച് പൊലീസ് സമരക്കാർക്ക് സൗകര്യമൊരുക്കി. ബി.ജെ.പിയുടെ സമരപ്പന്തലിന് അടുത്തേക്ക് ട്രേഡ് യൂണിയൻ പ്രവർത്തകർ എത്താതിരിക്കാൻ റോഡിന് നടുവിൽ പൊലീസ് ബസ് ഉപയോഗിച്ച് മതിൽ തീർത്തു. സമരക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം റോഡിന്റെ മറുഭാഗത്ത് കൂടിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. റോഡിന് നടുവിലെ പന്തലിനുള്ളിൽ പ്രസംഗങ്ങളും കലാപരിപാടികളും അരങ്ങേറി. റോഡിൽ അടുപ്പുകൂട്ടി ഭക്ഷണമുണ്ടാക്കി. ഗതാഗത സൗകര്യം മുടങ്ങിയതോടെ ഇരുചക്ര വാഹനയാത്രക്കാർ വലഞ്ഞു. വാഹനങ്ങൾക്ക് കടന്ന് പോകണമെങ്കിൽ സമരക്കാരുടെയും പൊലീസിന്റെയും കാരുണ്യം വേണമെന്ന സ്ഥിതിയായി. ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ആദ്യ ദിനം തന്നെ പൊലീസ് കേസെടുത്തെങ്കിലും സമരപ്പന്തൽ പൊളിച്ചുമാറ്റാൻ സമരാനുകൂലികൾ തയ്യാറായില്ല.