നെടുമങ്ങാട്: ഹർത്താലിനോടനുബന്ധിച്ച് ആനാട്ട് അക്രമം തടയാനെത്തിയ നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയെയും പൊലീസുകാരെയും കൊലപ്പെടുത്താൻ ശ്രമിക്കുകയും പൊലീസ് വാഹനം തകർക്കുകയും ചെയ്‌ത കേസിൽ രണ്ടു ബി.ജെ.പി പ്രവർത്തകർകൂടി അറസ്റ്റിൽ. വാഴവിള തടത്തരികത്തു രാജേഷ് ഭവനിൽ വി. രാജേഷ് (27), ഇളവട്ടം ചെമ്പൻകോട് രാജേന്ദ്ര വിലാസത്തിൽ നിന്ന് ആനാട് അയണിയൻകാവ് വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ആർ. രതീഷ് (30) എന്നിവരെയാണ് നെടുമങ്ങാട് ഡിവൈ.എസ്.പി അശോകിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകരുടെ എണ്ണം പതിനഞ്ചായി. നെടുമങ്ങാട് സി.ഐ സജിമോൻ, എസ്.ഐമാരായ അനിൽകുമാർ, സലീം, ഷാഡോ എസ്.ഐ സിജു കെ.എൽ. നായർ, ഷാഡോ ടീം അംഗങ്ങളായ ഷാജി, രാജേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.