കിളിമാനൂർ: ലോക ഹിന്ദി ദിനത്തിൽ ഹിന്ദി അദ്ധ്യാപകർ കുട്ടികൾക്കായി "സുരീലി ഹിന്ദി " അഥവാ മധുരം ഹിന്ദി പദ്ധതി നടപ്പിലാക്കി. ലോക ഹിന്ദി ദിനമായ 10ന് കിളിമാനൂർ ഉപജില്ലയിലെ യു.പി.വിഭാഗത്തിലെ 33 അധ്യാപകർ വെള്ളല്ലൂർ യു.പി.എസ് ഒത്തുകൂടി. കുട്ടികൾക്ക് ഹിന്ദി കഥ, കവിത, നാടകം, സ്കിറ്റ് എന്നിവ അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റ ഭാഗമായി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന സുരീലി ഹിന്ദി പഠന പരിപോഷണ പരിപാടി വെള്ളല്ലൂർ യു.പി.എസിൽ ആരംഭിച്ചു. അഡ്വ. ബി. സത്യൻ എം.എൽ.എ നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രഘുവിന് പഠനോപകരണ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, വാർഡ് മെമ്പർ കെ. അനിൽക്കുമാർ, ബി.പി.ഒ എം എസ്. സുരേഷ് ബാബു പ്രഥമാദ്ധ്യാപിക വി.എസ്. അജിത, പി.ടി.എ പ്രസിഡന്റ് ബിജു, സ്റ്റാഫ് സെക്രട്ടറി അനിലാൽ എന്നിവർ പങ്കെടുത്തു. കിളിമാനൂർ ബി.ആർ.സിയിലെ അദ്ധ്യാപക പരിശീലകരായ കെ.എസ്. വൈശാഖ്, സുമേത. എം, വിനോദ്.ടി, സുമേത. എം എന്നിവർ ക്ലാസുകൾ നയിച്ചു. 11ന് പരിശീലനം അവസാനിക്കും. വിദ്യാലയ തലം 14 മുതൽ 18 വരെ നടക്കും. ഉപജില്ലയിലെ 2104 വിദ്യാർത്ഥികൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. 600 രൂപ വിലയുള്ള ഹിന്ദി പഠനോപകരണ കിറ്റാണ് 33 വിദ്യാലയങ്ങൾക്കും ലഭിക്കുന്നത്.