1

വിഴിഞ്ഞം: ചാകരക്കാലം കഴിഞ്ഞ വിഴിഞ്ഞം തീരം ഇനി വറുതിയുടെ കരങ്ങളിലേക്ക് നീങ്ങുകയാണ്. കാലാവസ്ഥാ വ്യതിയാനവും കടൽക്ഷോഭവും എല്ലാം ഇടയ്ക്കുണ്ടായെങ്കിലും ഇത്തവണ അവയൊന്നും മത്സ്യത്തൊഴിലാളികളെ സാരമായി ബാധിച്ചില്ല. കഴിഞ്ഞ മത്സ്യബന്ധന സീസണിൽ തീരത്ത് വള്ളം നിറയെ കണവും കൊഞ്ചും ഉൾപ്പെടെയുള്ള മത്സ്യങ്ങൾ ലഭിച്ചു. ഇത്തവണ കയറ്റുമതിക്കാർക്കും ആവേശത്തിന്റെ സീസണായിരുന്നു. കഴിഞ്ഞ തവണത്തെക്കാൾ കൊഞ്ച് ധാരാളം ലഭിച്ച സീസണായിരുന്നു ഇത്തവണത്തേത്. എന്നാൽ കഴിഞ്ഞ തവണത്തേതിൽ നിന്നും കൊഴിയാളമത്സ്യം കൂടുതലായി എത്തിയത് മത്സ്യത്തിന്റെ വിലയിടിവിന് കാരണമായതായി തൊഴിലാളികൾ പറയുന്നു. സീസൺ കഴിഞ്ഞ് വറുതിയിലേക്ക് നീങ്ങുന്ന തീരത്ത് നൂറു കണക്കിന് മത്സ്യത്തൊഴിലാളികളുടെ കാര്യവും കഷ്ടത്തിലാണ്. ഇവർക്ക് ആവശ്യത്തിന് മണ്ണെണ്ണ ലഭ്യമല്ലാത്തത് സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. വറുതിയിൽ ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കണമെന്ന് തൊഴിലാളികൾ പറഞ്ഞു. തീരത്ത് ഇപ്പോൾ മത്സ്യലഭ്യത കുറവാണ്. കിട്ടുന്നതാകട്ടെ വൻ വിലയുമാണ്. തീരത്ത് മത്സ്യം വാങ്ങാൻ ധാരാളം ആളുകൾ എത്താറുണ്ടെങ്കിലും പലരും നിരാശരായി മടങ്ങുകയാണ്. മത്സ്യലഭ്യത കുറയുന്നതോടെ തൊഴിലാളികളെ കൂടാതെ അനുബന്ധ തൊഴിലുകളും മുടങ്ങുമെന്നത് ഉറപ്പാണ്. സീസണിൽ ഇവിടെ എത്തിയ അന്യസംസ്ഥാന തൊഴിലാളികളും കച്ചവടക്കാരും മടങ്ങി. ഇപ്പോൾ അടുത്ത സീസണിനെ വരവേൽക്കാൻ വള്ളവും വലയും കേടുപാടുകൾ തീർക്കുന്ന കാഴ്ചകളാണ് കാണാനാവുക.