politics

നെടുമങ്ങാട് : ഹർത്താൽ അക്രമത്തിന്റെ പേരിൽ നെടുമങ്ങാട്ട് സി.പി.എമ്മും പൊലീസും തേർവാഴ്ച നടത്തുകയാണെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ നെടുമങ്ങാട് ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്‌ഘാടനം ചെയ്തു. കച്ചേരിനടയിൽ നിന്നാരംഭിച്ച മാർച്ച് സ്റ്റേഷനിൽ നിന്ന് അമ്പത് മീറ്റർ മാറി കയർ കെട്ടി പൊലീസ് തടഞ്ഞു. റോഡിൽ കുത്തിയിരിപ്പ് നടത്തിയ പ്രവർത്തകർ സമാധാനപരമായി പിരിഞ്ഞുപോവുകയും ചെയ്തു. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. പഴകുറ്റി-കച്ചേരിനട റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ജെ.ആർ.പത്മകുമാർ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, ജില്ലാ ജനറൽസെക്രട്ടറി ബിജു ബി.നായർ, എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീർ, മേഖല സെക്രട്ടറി ചെമ്പഴന്തി ഉദയൻ, മലയിൻകീഴ് രാധാകൃഷ്ണൻ, പൂത്തുറ ശ്രീകുമാർ, മുക്കംപാലമൂട് ബിജു, പോത്തൻകോട് ദിനേശ് എന്നിവർ പ്രസംഗിച്ചു.