വെള്ളറട : വിവാഹ മണ്ഡപത്തിൽ നിന്ന് പരീക്ഷഹാളിലേക്ക് പോയ നവവധു ബന്ധുക്കൾക്കും നാട്ടുകാർക്കും കൗതുകമായി. വെള്ളറട കിളിയൂർ എസ്.എസ് ഭവനിൽ സൈമൺ - സ്വർണമ്മ ദമ്പതികളുടെ മകൾ അച്ചു എസ്.എസാണ് വിവാഹം കഴിഞ്ഞുടൻ കേരള യൂണിവേഴ്സിറ്റിയുടെ ബി. കോം കമ്പ്യൂട്ടർ ആപ്ളിക്കേഷൻ ഫൈനൽ ഇയർ പരീക്ഷ എഴുതുന്നതിനായി വരനൊപ്പം തുറന്ന വാഹനത്തിൽ പനച്ചമൂട് വൈറ്റ് മെമ്മോറിയൽ കോളേജിലെത്തിയത്.
അഞ്ചുമരംകാല മൈലകുന്ന് അയിൽ നിവാസിൽ റോബിൻസന്റെയും ഷൈലജയുടെയും മകൻ ഷീൻ പ്രസാദാണ് അച്ചുവിനെ വിവാഹം കഴിച്ചത്. അച്ചു വൈറ്റ് മെമ്മോറിയൽ കോളേജിലെ വിദ്യാർത്ഥിയാണ്.
തുടർന്ന് രണ്ടു മണിക്കൂർ പരീക്ഷകഴിഞ്ഞ് നവവധു വരുന്നതുവരെ വരനും ബന്ധുക്കളും കാത്തുനിന്നു. കിളിയൂർ ഉണ്ണിമിശിഹാ ദേവാലയത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഈമാസം ഏഴിന് നടക്കാനിരുന്ന പരീക്ഷയാണ് യൂണിവേഴ്സിറ്റ് പത്തിലേക്ക് മാറ്റിയത്. എന്നാൽ വിവാഹവും നേരത്തേ ഈ ദിവസം നിശ്ചയിച്ചിരുന്നു. ഇതേത്തുടർന്നാണ് വിവാഹശേഷം പരീക്ഷയ്‌ക്കെത്തിയത്.