തിരുവനന്തപുരം: മീനിന്റെ വില നിശ്ചയിക്കുന്നതിലും വിൽക്കുന്നതിലും മത്സ്യത്തൊഴിലാളികൾക്ക് പൂർണ അവകാശം നൽകുന്ന മത്സ്യബന്ധന നയത്തിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ലാൻഡിംഗ് സെന്റർ, ഹാർബർ, മാർക്കറ്റ്, മത്സ്യ ഇനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി മീനിന് തറവില നിശ്ചയിക്കും. വളർച്ച ഇല്ലാത്ത മത്സ്യം പിടിക്കുന്നതും, ലേലം, വിപണനം, വിതരണം എന്നിവയും നിരോധിക്കുമെന്നും കരട്നയത്തിൽ പറയുന്നു. നശീകരണ മത്സ്യബന്ധനത്തിനെതിരെ നടപടികളുണ്ടാവും. വിദേശ ട്രോളറുകളും കോർപ്പറേറ്റ് യാനങ്ങളും തടയാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾക്ക് ഇൻഷുറൻസ് ലഭ്യമാക്കും. ബോട്ട് ബിൽഡിംഗ് യാർഡുകൾക്കും പുതിയ മത്സ്യബന്ധന യാനങ്ങൾക്കും ഹോളോഗ്രാം രജിസ്‌ട്രേഷൻ നിർബന്ധമാക്കും. ദുരന്തനിവാരണത്തിന് സീ റെസ്‌ക്യൂ സ്‌ക്വാഡിന് രൂപം നൽകും.
നയത്തിൽ:
നാവിഗേഷൻ വിളക്കുകൾ, സിഗ്‌നലുകൾ, കടൽ സുരക്ഷാ ഉപകരണങ്ങൾ, വാർത്താവിനിമയ ഉപാധികൾ എന്നിവ യാനങ്ങൾക്ക് നിർബന്ധം.
പരിശീലനം ലഭിച്ച സ്രാങ്ക്, എഞ്ചിൻ ഡ്രൈവർ എന്നിവരുള്ള യാനങ്ങളേ മത്സ്യബന്ധനത്തിന് അനുവദിക്കൂ.
കൃത്രിമ പാരുകൾ വർദ്ധിപ്പിക്കും.
മാലിന്യ നിർമ്മാർജനത്തിന് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി.
പ്രശ്നപരിഹാരങ്ങൾക്ക് ഗ്രാമ, ജില്ലാ, സംസ്ഥാന മത്സ്യ ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലുകൾ.
സംരക്ഷിത വനത്തിലെ റിസർവോയറുകളിലെ മത്സ്യബന്ധന അവകാശം ആദിവാസികൾക്ക്.