c-arm

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് അനുഗ്രഹമായി പുതിയ സി ആം മെഷീൻ സ്ഥാപിച്ചു. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള അതിസൂക്ഷ്മ ശസ്ത്രക്രിയകൾക്ക് അത്യാവശ്യമായി വേണ്ട ഉപകരണം 45 ലക്ഷം രൂപ ചെലവഴിച്ചാണ് സർക്കാർ വാങ്ങി നൽകിയത്. മുമ്പ് ജെ. ചിത്തരഞ്ജൻ എം.പിയുടെ ഫണ്ടിൽ നിന്ന് വാങ്ങിയ ഒരു മെഷീനാണ് ഉണ്ടായിരുന്നത്. 12 വർഷത്തിലധികം പഴക്കമുള്ള ഈ മെഷീൻ കാലഹരണപ്പെട്ടതോടെ അതിസൂക്ഷ്മ ശസ്ത്രക്രിയകളെ ബാധിച്ച അവസ്ഥയിലായിരുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ജി. വേണുഗോപാൽ പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു പുതിയ സി ആം മെഷീൻ വാങ്ങുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു.
ജർമ്മൻ നിർമ്മിത സി ആം മെഷീനിലൂടെ സുവ്യക്തമായ ചിത്രങ്ങളാണ് ലഭിക്കുന്നത്. ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർക്ക് ഉപയോഗിക്കാൻ ഏറെ സൗകര്യപ്രദമായ ആധുനിക സംവിധാനങ്ങളുണ്ട് മെഷീനിൽ.