നെടുമങ്ങാട്: ലക്ഷങ്ങൾ വിലപിടിപ്പുള്ള ഓഫീസ് ഫർണീച്ചറുകൾ നെടുമങ്ങാട് രജിസ്ട്രാർ ഓഫീസ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും 'ബാദ്ധ്യതയാണ്". ആർക്കും നിന്നുതിരിയാൻ പൊലുമുള്ള സ്ഥലം മുഴുവൻ ഫർണിച്ചറുകൾ ഇടംപിടിച്ചിരിക്കുകയാണ്. തേക്കിലും ഈട്ടിയിലും നിർമ്മിച്ച ഇരുപതോളം അലമാരകൾ, മേശകൾ, കസേരകൾ ഒപ്പം ഉപയോഗ ശൂന്യമായ തടികളും കൂട്ടിയിട്ടിരിക്കുകയാണ്. സർക്കാരാഫീസുകളുടെ കേന്ദ്രമായ റവന്യു ടവറിന്റെ മൂന്നാംനിലയിലാണ് സബ് രജിസ്ട്രാർ ഓഫീസ്. ഭാരമേറിയ തടിയുരുപ്പടികളും മറ്റും താഴത്തെ നിലയിലേയ്ക്ക് മാറ്റാനുള്ള ബുദ്ധിമുട്ട് കാരണമാണ് നീക്കം ചെയ്യാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഇടപാടുകാർക്ക് ഇരിപ്പിടമൊരുക്കേണ്ട സ്ഥലത്താണ് ഉപയോഗയോഗ്യമായതും എന്നാൽ രജിസ്ട്രാർ ഓഫീസിന് വേണ്ടാത്തതുമായ തടിയുരുപ്പടികൾ സ്ഥാനം പിടിച്ചിട്ടുള്ളത്. സ്ഥലപരിമിതി മൂലം വിവിധ ഇടപാടുകൾക്കും ആവശ്യങ്ങൾക്കുമെത്തുന്നവർക്ക് ഇരിപ്പിടം രജിസ്ട്രാർ ഓഫീസിനു പുറത്താണ് ക്രമീകരിച്ചിരിക്കുന്നത്. പൊടിപിടിച്ച അലമാരകൾക്ക് മുകളിലായി കാലുപോയ കസേരകളുമുണ്ട്.
പരിമിതികളിൽ ജീവനക്കാരും ഇടപാടുകരും
ജീവനക്കാരുടെ അരികിലേക്ക് ഇടപാടുകാരനെത്താൻ കഴിയാത്ത വിധം മേശകൾ നിരത്തിയിട്ടിരിക്കുന്നുവെന്നും പരാതിയുണ്ട്. കാലിയായ അലമാരകൾ നിരന്നിരിക്കുമ്പോഴും നിരവധി ഫയലുകളുടെ വിശ്രമകേന്ദ്രം ജീവനക്കാരന്റെ അരികിലുള്ള കസേരകളാണ് ! മതിയായ വെളിച്ചവും ഓഫീസിനുള്ളിലില്ല. ആധാരം പതിക്കാനെത്തുന്നവരുടെ പേര് വിളിക്കുന്നതും പുറത്തു നിൽക്കുന്നതുമൂലം വ്യക്തമായി കേൾക്കാനാകില്ല. മറ്റ് ഓഫീസുകളിലേക്ക് പോകുന്ന ഇടനാഴിയിലാണ് രജിസ്ട്രാർ ഓഫീസിലെത്തുന്ന ഇടപാടുകാർക്ക് ഇരിക്കാനായി കസേരയും മറ്റ് എഴുത്തുകുത്തുകൾ നടത്താനായി മേശയുമിട്ടിട്ടുള്ളത്. ഇത് ഇതര ഓഫീസുകളിലെത്തുന്നവർക്കും തടസമാണ്. അലമാരകൾ ഇവിടെ നിന്നും നീക്കം ചെയ്യുകയോ ആവശ്യമില്ലെങ്കിൽ ലേലം ചെയ്യുകയോ വേണമെന്നാണ് ഇടപാടുകാരുടെ ആവശ്യം. ലേലത്തിൽ നൽകിയാൽ സർക്കാർ ഖജനാവിനും മുതൽക്കൂട്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.