bank

തിരുവനന്തപുരം: സംയുക്ത തൊഴിലാളി ട്രേഡ് യൂണിയന്റെ ദ്വിദിന ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ മെയിൻ ശാഖ ആക്രമിച്ച കേസിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ റിമാൻഡിലായി. ജില്ലാ ട്രഷറി ഓഫീസിലെ ക്ലാർക്കും എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറിയുമായ അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേ​റ്റിലെ അറ്റൻഡറും എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയ​റ്റ് അംഗവുമായ ഹരിലാൽ എന്നിവരെയാണ് റിമാൻഡ്‌ ചെയ്തത്. കന്റോൺമെന്റ് അസിസ്​റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ കീഴടങ്ങിയ ഇരുവരെയും അറസ്​റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മൂന്നാം കോടതി ഇരുവരെയും 24 വരെ റിമാൻഡ്‌ ചെയ്തു.

എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മി​റ്റി അംഗവും ചരക്കു സേവനനികുതി കമ്മിഷണറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ഇൻസ്പെക്ടറുമായ ഇ. സുരേഷ് ബാബു, ഇതേ വകുപ്പിലെ ഉദ്യോഗസ്ഥനായ എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മി​റ്റി അംഗം എസ്. സുരേഷ് കുമാർ എന്നിവർക്കൊപ്പമെത്തിയ സംഘമാണ് അക്രമം നടത്തിയത്. ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല. ബ്രാഞ്ച് തുറന്നതിനെ ചോദ്യം ചെയ്‌തെത്തിയ പണിമുടക്ക് അനുകൂലികൾ, മാനേജരുടെ മുറിയിൽ അതിക്രമിച്ച് കയറി കമ്പ്യൂട്ടർ, മേശയിലെ കണ്ണാടി, ടെലിഫോൺ, മാനേജരുടെ കാബിൻ തുടങ്ങിയവ അടിച്ചുതകർത്തു. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പൊതുമുതൽ നശീകരണം തടയൽ നിയമമനുസരിച്ചും മ​റ്റ് വകുപ്പുകൾ അനുസരിച്ചുമാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.

അക്രമം നടത്തിയ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ ഭൂരിഭാഗവും സർക്കാർ ഉദ്യോഗസ്ഥരാണ്. എന്നാൽ സുരക്ഷാ കാമറകളിൽ നിന്ന് ഒൻപതുപേരുടെ ദൃശ്യങ്ങളാണ് ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഇവരിൽ ഭൂരിഭാഗം പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അപലപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അശോകനും ഹരിലാലും കീഴടങ്ങിയത്.