train

നഷ്ടം ഈടാക്കൽ ജപ്തി നടപടികളിലൂടെ 300 പേർക്കെതിരെ കേസ്

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നടത്തിയ രണ്ടുദിവസത്തെ പണിമുടക്കിനോടനുബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായി ട്രെയിനുകൾ തടഞ്ഞ് യാത്രക്കാരെ പൊറുതിമുട്ടിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ റെയിൽവേ നീക്കം തുടങ്ങി.

ട്രെയിനുകൾ തടഞ്ഞ് ഗതാഗതം താറുമാറാക്കിയ ആരെയും വെറുതേ വിടരുതെന്നാണ് ഉന്നത റെയിൽവേ അധികൃതർ നൽകിയ നിർദ്ദേശം. രാജ്യത്ത് മറ്റൊരിടത്തും സംഭവിക്കാത്ത തരത്തിൽ കേരളത്തിൽ മാത്രം ട്രെയിനുകൾ തടഞ്ഞിട്ട നടപടിയിൽ റെയിൽവേ അധികൃതർ ക്ഷുഭിതരാണ്. ദീർഘദൂര ട്രെയിനുകൾ തടഞ്ഞത് സംസ്ഥാനത്തിനു പുറത്തും ട്രെയിൻ ഗതാഗതത്തെ താറുമാറാക്കി. ഇതുമൂലം റെയിൽവേക്കുണ്ടായ നഷ്ടം കണക്കാക്കാനും കേസിൽ പ്രതികളായവരിൽ നിന്ന് അത് ജപ്തി നടപടികളിലൂടെ ഇൗടാക്കാനും റെയിൽവേ നീക്കം തുടങ്ങി.

തിരുവനന്തപുരം ഡിവിഷനിൽ 18 ട്രെയിനുകളും പാലക്കാട് ഡിവിഷനിൽ 21 ട്രെയിനുകളുമാണ് പണിമുടക്ക് അനുകൂലികൾ വിവിധ സ്റ്റേഷനുകളിൽ തടഞ്ഞിട്ടത്. മംഗലാപുരം - ചെന്നൈ മെയിൽ മൂന്നിടങ്ങളിൽ തുടർച്ചയായി തടഞ്ഞു. തിരുവനന്തപുരത്ത് വേണാടും നേത്രാവതിയും ഇതുപോലെ ഒന്നിലേറെ സ്ഥലങ്ങളിൽ തടഞ്ഞിട്ടു. സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം പാടെ തകർത്ത നടപടിയിൽ റെയിൽവേക്ക്‌ വൻ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്. കണ്ണൂരിൽ ട്രെയിനു മുകളിൽ കൊടിയുമായി കയറി സുരക്ഷാപ്രശ്നവുമുണ്ടാക്കി. ഇത് ഗൗരവമായാണ് റെയിൽവേ എടുത്തത്.

റെയിൽവേയിലെ ഒരു ജീവനക്കാരനും സംസ്ഥാനത്ത് പൊതുപണിമുടക്കിൽ പങ്കെടുത്തിട്ടില്ല. ഒരാൾക്കും ലീവ് പോലും കൊടുത്തിട്ടില്ല. റെയിൽവേ ജീവനക്കാർ പണിമുടക്കാത്ത സാഹചര്യത്തിൽ പുറമേനിന്ന് അതിക്രമിച്ചെത്തിയവരാണ് ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയത്. ഇവരെ നിയന്ത്രിക്കാൻ സംസ്ഥാന പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും റെയിൽവേ സുരക്ഷാ റിപ്പോർട്ടിലുണ്ട്. അതിക്രമിച്ച് കടക്കുന്നവരെ അറസ്റ്റ് ചെയ്യാനോ, ലാത്തിച്ചാർജ്ജ് പോലുള്ള നടപടികളിലൂടെ തുരത്താനോ റെയിൽവേ പൊലീസിന് അധികാരമില്ല. ട്രെയിൻ തടയാനെത്തിയ എല്ലാവരുടെയും ചിത്രങ്ങൾ റെയിൽവേ സ്റ്റേഷനിലെ സി.സി ടിവി കാമറയിലും അതിനു പുറമെ ആർ.പി.എഫ് എടുത്ത വീഡിയോ ഫുട്ടേജിലും നിന്ന് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ മേൽവിലാസങ്ങൾ സമാഹരിച്ച് കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ തുടങ്ങി.

 2 വർഷം തടവ് കിട്ടാവുന്ന കുറ്റം

റെയിൽവേ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് റെയിൽവേ സംരക്ഷണ നിയമം 146, അവശ്യസേവനം തടസപ്പെടുത്തിയതിന് സെക്‌ഷൻ 145 ബി, റെയിൽവേ ട്രാക്കിൽ അതിക്രമിച്ച് കയറിയതിന് സെക്‌ഷൻ 147, ട്രെയിൻ തടഞ്ഞതിനും യാത്രക്കാർക്ക് സുരക്ഷാപ്രശ്നമുണ്ടാക്കിയതിനും സെക്‌ഷ‌ൻ 174, ട്രെയിനുകളുടെ മുകളിൽ കയറി സർവീസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് സെക്‌ഷൻ 184 എന്നിവ പ്രകാരം രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസുകളും നഷ്ടം നികത്തുന്നതിന് സിവിൽ കേസുകളുമാണ് ചുമത്തുക. സർക്കാർ ജീവനക്കാരുടെ ജോലി നഷ്ടമാകാനും ഭാവിയിൽ സർക്കാർ ജോലിയും പാസ്പോർട്ട് പോലുള്ള രേഖകളും ലഭിക്കാൻ തടസമാകാനും കാരണമാകുന്ന വകുപ്പുകളാണിതെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. മുന്നൂറിലേറെ പേർക്കെതിരെയാണ് കേസെടുക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് റെയിൽവേ ഇത്രയേറെ കടുത്ത നിയമനടപടികളുമായി സമരക്കാർക്കെതിരെ രംഗത്തെത്തുന്നത്.