government-medical-colleg

തിരുവനന്തപുരം: കോടികൾ മുടക്കി 2014ൽ കരൾ മാ​റ്റിവയ്ക്കൽ ശസ്ത്രക്രിയാ യന്ത്റസാമഗ്രികൾ സ്ഥാപിച്ചിട്ടും തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ ആരംഭിക്കാത്തത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ 23ന് റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. മെഡിക്കൽകോളേജ് ആശുപത്രിയിൽ നിന്ന് ശസ്ത്രക്രിയയ്ക്ക് സ്വകാര്യാശുപത്രിയിലേക്കയച്ച പള്ളിപ്പുറം സ്വദേശി എം. ഷാജഹാന്റെ പരാതിയിലാണ് നടപടി.

നിയമവകുപ്പിൽ നിന്ന് വിരമിച്ച ഷാജഹാൻ 2013 മേയ് മുതൽ കരൾരോഗത്തിന് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. 2014 ൽ കരൾ മാ​റ്റി വയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. സഹോദരി കരൾ ദാനംചെയ്തു. രോഗം മൂർച്ഛിച്ചപ്പോൾ മെഡിക്കൽകോളേജിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തതായി പരാതിയിൽ പറയുന്നു. കരൾ മാ​റ്റിവയ്ക്കാൻ കാലതാമസമുണ്ടായതിനെ തുടർന്ന് വൃക്കയും തകരാറിലായി. തുടർന്ന് വൃക്കയും മാ​റ്റിവച്ചു. സ്വകാര്യാശുപത്രിയിൽ കരൾമാ​റ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 27,59,399 രൂപ ചെലവായി.

തന്റെ ഇഷ്ടപ്രകാരമല്ല സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതെന്നും സർക്കാർ ആശുപത്രിയാണ് തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും പരാതിക്കാരൻ വാദിച്ചു. 2014ൽ കോടികൾ മുടക്കി സ്ഥാപിച്ച ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. കോടികൾ ചെലവഴിച്ചിട്ടും ശസ്ത്രക്രിയ ആരംഭിച്ചിട്ടില്ലെന്ന ആരോപണം ശരിയാണെങ്കിൽ ഗൗരവമേറിയ കാര്യമാണെന്ന് ജസ്​റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. എന്തുകൊണ്ട് ഇവ രോഗികൾക്ക് പ്രയോജനപ്പെടുത്തുന്നില്ലെന്നത് കമ്മിഷന് മനസിലാകുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.