kerala-ranji-trophy-win
kerala ranji trophy win

അംതാർ : പുറത്താകുമെന്ന് കരുതിയിരുന്നവർക്ക് മുന്നിൽ അത്ഭുതകരമായൊരു വിജയത്തിലൂടെ കേരളം തുടർച്ചയായ രണ്ടാം വർഷവും രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിലെത്തി. അംതാറിൽ നടന്ന അവസാന രഞ്ജി ട്രോഫി മത്സരത്തിന്റെ അവസാനദിവസം ഹിമാചൽപ്രദേശിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചാണ് സച്ചിൻ ബേബി നയിച്ച കേരളം അവസാന എട്ടിലേക്ക് എത്തിയത്.

തികച്ചും നാടകീയമായിരുന്നു കേരളത്തിന്റെ വിജയം. അംതാറിൽ ആദ്യം ബാറ്റ് ചെയ്ത ഹിമാചൽ ഒന്നാം ഇന്നിംഗ്സിൽ 297 റൺസെടുത്തിരുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 286 ൽ അവസാനിച്ചു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഹിമാചൽ മൂന്നാം ദിവസം കളിനിറുത്തുമ്പോൾ 285/8 എന്ന സ്കോറിലെത്തിയിരുന്നു. അവസാന ദിവസമായ ഇന്നലെ രാവിലെ ഹിമാചൽ ഇതേ സ്കോറിന് ഡിക്ളയർ ചെയ്തതോടെ കേരളത്തിന്റെ ലക്ഷ്യം 297 ആയി നിശ്ചയിക്കപ്പെട്ടു. അഞ്ചുവിക്കറ്റ് ശേഷിക്കേ 299/5 എന്ന സ്കോറുയർത്തിയാണ് കേരളം വിജയം പിടിച്ചെടുത്തത്.

ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയിരുന്ന ഒാപ്പണർ പി. രാഹുൽ 14 റൺസെടുത്ത് പുറത്തായെങ്കിലും വിനൂപ് മനോഹരൻ (96) സിജോ മോൻ ജോസഫ് (23), ക്യാപ്ടൻ സച്ചിൻ ബേബി (92), സഞ്ജു സാംസൺ (61) നോട്ടൗട്ട് എന്നിവർ ചേർന്ന് നടത്തിയ അത്യുഗ്രൻ പോരാട്ടമാണ് കേരളത്തെ ക്വാർട്ടറിലെത്തിച്ചത്. 67 ഒാവറുകൾ മാത്രമാണ് കേരളത്തിന് വിജയിക്കാൻ വേണ്ടിവന്നത്.

എലൈറ്റ് ഗ്രൂപ്പിൽ എട്ട് മത്സരങ്ങളിൽനിന്ന് 26 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടറിലെത്തിയത്. അഞ്ചാം സ്ഥാനക്കാരായ ഗുജറാത്തിനും ആറാം സ്ഥാനക്കാരായ ബറോഡയ്ക്കും 26 പോയിന്റുവീതമുണ്ടായിരുന്നെങ്കിലും റൺറേറ്റിന്റെ മികവിലാണ് കേരളം മുന്നേറിയത്. എലൈറ്റിലെ ആദ്യ രണ്ട് ഗ്രൂപ്പുകളിൽനിന്ന് അഞ്ച് ടീമുകളാണ് ക്വാർട്ടറിലെത്തിയത്. എലൈറ്റ് സി ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകളും

.............................ഗ്രൂപ്പിൽനിന്ന് ഒരു ടീമും ക്വാർട്ടറിലെത്തിയിട്ടുണ്ട്.

നിർണായകം ഡിക്ളറേഷൻ

ഇന്നലെ രാവിലെ ബാറ്റിംഗ് തുടരാതെ ഡിക്ളയർ ചെയ്യാൻ ഹിമാചൽ തീരുമാനിച്ചതാണ് മത്സരത്തിൽ നിർണായകമായത്. രാവിലത്തെ ഇൗർപ്പം പേസ് ബൗളർമാർക്ക് നൽകുന്ന പിന്തുണ മുതലാക്കാനായിരുന്നു ഹിമായലിന്റെ അപ്രതീക്ഷിത ഡിക്ളറേഷൻ. എന്നാൽ കേരളം ഏകദിന ശൈലിയിൽ അടിച്ചുകളിച്ചതോടെ ഹിമാചലിന് പാളം തെറ്റി.

പോയിന്റ് നില

എലൈറ്റ് എ ആൻഡ് ബി

(ടീം, കളി, ജയം, തോൽവി, സമനില, പോയിന്റ് ക്രമത്തിൽ)

വിദർഭ 8-3-0-5-29

സൗരാഷ്ട്ര 8-3-0-5-29

കർണാടക 8-3-2-3-27

കേരളം 8-4-3-1-26

ഗുജറാത്ത് 8-3-0-5-26

കഴിഞ്ഞ സീസണിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ക്വാർട്ടറിലെത്തിയിരുന്നത്. എന്നാൽ കേരളം വിദർഭയോട് ക്വാർട്ടറിൽ തോൽക്കുകയായിരുന്നു.

ഗുജറാത്താണ് ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ എതിരാളി ഇൗ മാസം 15 മുതൽ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.

ഇൗ വിജയത്തിൽ വളരെയധികം സന്തോഷമുണ്ട്. വിജയിക്കാനുള്ള അവസാന അവസരമാണ് ഇന്നലെ ഹിമാചൽ ഡിക്ളറേഷനിലൂടെ തുറന്നിട്ടത്. അത് കൂട്ടായ പരിശ്രമത്തിലൂടെ നേടിയെടുക്കാൻ കഴിഞ്ഞു.

സച്ചിൻ ബേബി

കേരള ക്യാപ്ടൻ