തിരുവനന്തപുരം: തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ച് കനകക്കുന്നിൽ ഇന്ന് വസന്തോത്സവത്തിനു തിരിതെളിയും. വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ വസന്തോത്സവം ഉദ്ഘാടനം ചെയ്യും. 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പൂക്കളുടെ മഹാമേള. ഓർക്കിഡ്, ബോൺസായി, ആന്തൂറിയം ഇനങ്ങളുടെ പവലിയൻ, ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന വനക്കാഴ്ച, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തയ്യാറാക്കുന്ന ജലസസ്യങ്ങളുടെ പ്രദർശനം, ടെറേറിയം, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബട്ടർഫ്‌ളൈ പാർക്ക് തുടങ്ങിയവ ഇത്തവണത്തെ വസന്തോത്സവത്തിന്റെ പ്രത്യേകതകളാകും. പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം വ്യക്തികളും നഴ്സറികളും വസന്തോത്സവത്തിൽ സ്റ്റാളുകൾ ഒരുക്കും. വസന്തോത്സവത്തിന്റെ ക്രമീകരണങ്ങൾ ഇന്നലെ വൈകിട്ട് കനകക്കുന്ന് കൊട്ടാരത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി.ബാലകിരൺ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.