10 കൊല്ലത്തെ തുടർ തോൽവികൾക്ക് ശേഷം
കേരളം ഫൈനലിൽ റെയിൽവേയെ കീഴടക്കി
ചെന്നൈ : ഇതൊരു പ്രതികാരമാണ്. 10 കൊല്ലത്തെ പരാജയങ്ങളിൽ പതറാതെ പൊരുതി നേടിയ പ്രതികാരവിജയം.
ഇന്നലെ ചെന്നൈയിൽ ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ റെയിൽവേസിനെതിരെ കേരള വനിതകൾ ഫൈനലിനിറങ്ങുമ്പോൾ പതിവുപോലെ ഒരു റണ്ണർ അപ്പ് സ്ഥാനമേ ആരാധകർ പ്രതീക്ഷിച്ചുള്ളൂ.
അതുപോലെ തന്നെ ആദ്യസെറ്റ് റെയിൽവേസ് നേടുകയും ചെയ്തു. എന്നാൽ അഞ്ചുസെറ്റ് നീണ്ട ഫൈനൽ അവസാനിക്കുമ്പോൾ കിരീടം കേരള വനിതകളുടെ കൈവശമെത്തിയിരുന്നു. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. ആദ്യ സെറ്റും മൂന്നാം സെറ്റുമാണ് റെയിൽവേസ് നേടിയത്.
2008 മുതൽ കേരളം ദേശീയ ചാമ്പ്യൻഷിപ്പിന്റെ വനിതാ ഫൈനലിൽ റെയിൽവേസിനോട് തോൽക്കുന്നത് പതിവാക്കിയിരിക്കുകയായിരുന്നു.
മലയാളി താരങ്ങളെ ഇറക്കിയാണ് റെയിൽവേസ് കേരളത്തിനെ ഫൈനലിൽ കീഴടക്കിക്കൊണ്ടിരുന്നത്. ഇത്തവണയും മിനിമോൾ, ടെറിൻ ആന്റണി തുടങ്ങിയ മലയാളികൾ റെയിൽവേസ് ടീമിലുണ്ടായിരുന്നു.
ഇത് 11-ാം തവണയാണ് കേരളം ദേശീയ വനിതാവോളിബാൾ കിരീടം സ്വന്തമാക്കുന്നത്.
നിർമ്മൽ, മിനിമോൾ തുടങ്ങിയവരുടെ ജംപിംഗ് സർവുകളും സ്മാഷുകളുമാണ് ആദ്യസെറ്റ് റെയിൽവേസിന് സമ്മാനിച്ചത്. സെറ്റർ ജിനി, അഞ്ജു ബാലകൃഷ്ണൻ, ലിബറോ അശ്വതി, രേഖ, സൂര്യ, ശ്രുതി തുടങ്ങിയവരുടെ കൂട്ടായ പ്രകടനമാണ് സമ്മർദ്ദത്തിന് അടിപ്പെടാതെ റെയിൽവേക്ക് ചുട്ട മറുപടി നൽകാൻ കേരളത്തെ പ്രചോദിപ്പിച്ചത്. കെ.എസ്.ഇ.ബിക്കുവേണ്ടി ഒരുമിച്ച് കളത്തിലിറങ്ങുന്നവർ കേരളത്തിന്റെ കുപ്പായത്തിലും ഒത്തിണക്കം ആവർത്തിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം അവസാന സെറ്റിലാണ് കേരളത്തിന് കിരീടം നഷ്ടമായത്. എന്നാൽ ഇത്തവണ അവസാന സെറ്റ് കേരളം പിടിച്ചെടുക്കുകയായിരുന്നു.