mc-marykom
mc marykom

ലോക റാങ്കിംഗിൽ മേരികോം ഒന്നാംസ്ഥാനത്ത്

ന്യൂഡൽഹി : ആറ് ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണംനേടി ചരിത്രം കുറിച്ച ഇന്ത്യൻ വനിതാ ബോക്സിംഗ് താരം എം.സി. മേരികോമിനെത്തേടി മറ്റൊരു പൊൻതൂവൽ കൂടി. ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷന്റെ 48 കി. ഗ്രാം വിഭാഗം റാങ്കിംഗിൽ ഒന്നാംസ്ഥാനത്തെത്തിയിരിക്കുകയാണ് മേരി. 1700 പോയിന്റുമായാണ് മേരികോം റാങ്കിംഗിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

. കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ നടന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലാണ് മേരികോം തന്റെ ആറാം സ്വർണം നേടിയത്.

. ലോക ചാമ്പ്യൻഷിപ്പുകളിൽ ആറ് തവണ ജേതാവായ മറ്റൊരു വനിതാ താരമില്ല.

. 36 കാരിയായ മേരികോം 2018 ൽ അതിഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരുന്നത്.

. ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ സ്വർണം നേടി.

. പോളണ്ടിൽ നടന്ന അന്താരാഷ്ട്ര ടൂർണമെന്റിൽ സ്വർണം നേടിയപ്പോൾ ബൾഗേറിയയിലെ സ്ട്രാൻജ മെമ്മോറിയൽ ടൂർണമെന്റിൽ വെള്ളി സ്വന്തമാക്കി.

. 2020 ലെ ഒളിമ്പിക്സിനായി തയ്യാറെടുക്കുകയാണ് മേരികോം. മേരി ഇപ്പോൾ മത്സരിക്കുന്ന 48 കി.ഗ്രാം വിഭാഗം ഒളിമ്പിക്സിൽ ഇല്ലാത്തതിനാൽ 51 കി.ഗ്രാം കാറ്റഗറിയിലാകും ഒളിമ്പിക്സിൽ മത്സരിക്കേണ്ടിവരിക.

മറ്റ് ഇന്ത്യൻ താരങ്ങളിൽ പിങ്കി ജാംഗ്ര 51 കി. ഗ്രാം വിഭാഗത്തിൽ എട്ടാം റാങ്കിലെത്തി. ഏഷ്യൻ വെള്ളി മെഡൽ ജേതാവായ മനീഷ മൗൻ 54 കി.ഗ്രാം വിഭാഗത്തിൽ എട്ടാംസ്ഥാനത്തുണ്ട്. 57 കി.ഗ്രാം വിഭാഗത്തിൽ മുൻ ലോക വെള്ളിമെഡൽ ജേതാവ് സോണിയ ലാതർ രണ്ടാം റാങ്കിലുണ്ട്. 64 കി.ഗ്രാം വിഭാഗത്തിൽ ലോകചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് സിമ്രാൻ ജിത്ത് കൗർ നാലാം റാങ്കിലാണ്. ഇൗ വെയ്റ്റ് കാറ്റഗറിയിൽ മുൻ ലോക ചാമ്പ്യൻ എൽ. സരിതാ ദേവി 16-ാം റാങ്കിലാണ്. 69 കി.ഗ്രാം വിഭാഗത്തിൽ ലോക വെങ്കല മെഡൽ ജേതാവ് ലവ്‌ലിന അഞ്ചാം റാങ്കിലാണ്.