തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ തുടർന്ന് അക്രമം കാട്ടിയവർക്കെതിരെ രാഷ്ട്രീയ ബന്ധം നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്ന് ഗവർണർ പി.സദാശിവത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി.
ഇന്നലെ രാത്രി ഏഴരയ്‌ക്ക് രാജ്ഭവനിലെത്തി ഗവർണറെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. സംസ്ഥാനത്തെ ക്രമസമാധാന നിലയും അക്രമം അമർച്ച ചെയ്യാൻ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചതായി ഗവർണർ ട്വിറ്ററിലൂടെ അറിയിച്ചു. അക്രമങ്ങളുടെ രീതിയും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മൂന്നിന് മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. 4ന് ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് ഗവർണർ പ്രാഥമിക വിശദീകരണം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവർണർ കേന്ദ്രത്തിന് വിശദമായ റിപ്പോർട്ട് നൽകും. പ്രളയബാധിതരുടെ പുനരധിവാസത്തിന്റെ പുരോഗതിയെക്കുറിച്ചും സംസ്ഥാനത്തെ മറ്റ് പ്രധാന സംഭവങ്ങളെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയതായി രാജ്ഭവൻ അറിയിച്ചു.
അക്രമങ്ങളുടെ ദൃശ്യങ്ങളും പ്രതികളുടെ ചിത്രങ്ങളും അവരുടെ രാഷ്ട്രീയബന്ധവും സഹിതമുള്ള വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി ഒപ്പിട്ട് രാജ്ഭവനിലേക്ക് കൊടുത്തയച്ചു. ഭരണപ്രതിസന്ധിയല്ല സംസ്ഥാനത്തുള്ളതെന്നും കലാപം ലക്ഷ്യമിട്ട് ബോധപൂർവ്വമായ ആക്രമണങ്ങളാണുണ്ടായതെന്നും രേഖകൾ സഹിതം മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. കേസുകളിൽ 92 ശതമാനം പ്രതികളും ബി.ജെ.പി, ആർ.എസ്.എസ് ബന്ധമുള്ളവരാണെന്ന പൊലീസ് റിപ്പോർട്ടുകൾ സഹിതമാണ് സർക്കാർ റിപ്പോർട്ട്.