തിരുവനന്തപുരം : പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞ നഗരസഭാ ജീവനക്കാരനെ ടിപ്പർലോറി ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി ശ്രീരാജിനെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ പിടികൂടാൻ വൈകിയതോടെ അടിയന്തര നടപടി ആവശ്യപ്പെട്ട് മേയർ വി.കെ. പ്രശാന്ത് മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. കഴിഞ്ഞ മാസം 19ന് പുലർച്ചെ ഫോർട്ട് പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പൊതുസ്ഥലത്ത് നിക്ഷേപിക്കാനായി ഡ്രെയിനേജ് മാലിന്യവുമായി എത്തിയ ലോറിയാണ് താത്കാലിക ജീവനക്കാർ തടഞ്ഞത്. നഗരസഭ പൂന്തുറ ഹെൽത്ത് സർക്കിളിലെ താത്കാലിക ജീവനക്കാരായ ബീമാപള്ളി സ്വദേശികളായ ജയകുമാർ (32), ഹാജാ മൊയ്തീൻ (27) എന്നിവർക്കാണ് സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റത്. ബൈപ്പാസിൽ അമ്പത്തറ മിൽമയ്ക്ക് സമീപം മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടാണ് പുലർച്ചെ മൂന്നുമണിയോടെ ജയകുമാറും ഹാജാ മൊയ്തീനും ബൈക്കിൽ സ്ഥലത്തെത്തിയത്.
ജീവനക്കാരെ കണ്ടതോടെ വാഹനം തിരുവല്ലം വഴി ഫോർട്ട് പൊലീസ് സ്റ്റേഷനു സമീപത്തേക്ക് പോയി. ജീവനക്കാർ ബൈക്കിൽ ഇവരെ പിന്തുടർന്നു. പൊലീസ് സ്റ്റേഷന് മുന്നിലെത്തിയതോടെ ടാങ്കർ ലോറി നിറുത്തി. ജീവനക്കാർ ബൈക്കിൽ ടാങ്കറിനെ ഓവർടേക്ക് ചെയ്‌തു ലോറിക്കു മുന്നിൽ വാഹനം നിറുത്തിയ ഉടൻ ലോറി മുന്നോട്ടെടുത്ത് ബൈക്കിനെയും ജീവനക്കാരെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു. തലനാരിഴയ്‌ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.