തിരുവനന്തപുരം: ദീർഘദൂര മിന്നൽ സർവീസുകൾ മുടങ്ങിയതിനെത്തുടർന്ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്‌തെത്തിയവരോട് അവസാന നിമിഷമാണ് സർവീസില്ലെന്ന് അധികൃതർ അറിയിച്ചത്. എന്നാൽ യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഓഫീസ് അധികൃതർ ഒഴിഞ്ഞ് മാറിയതോടെ പ്രതിഷേധം ശക്തമായി. ഒടുവിൽ പൊലീസെത്തി ചർച്ചനടത്തി സർവീസ് നടത്തുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
8.30നും 9.30നും ഇടയിൽ പുറപ്പെടേണ്ട മാനന്തവാടി, കണ്ണൂർ എന്നീ സർവീസുകളാണ് പെട്ടെന്ന് ഇല്ലെന്ന് അറിയിച്ചത്. എന്നാൽ രാത്രി എട്ടുവരെയും റിസർവേഷൻ ടിക്കറ്റും നൽകിയിരുന്നു. അതാത് സ്ഥലത്തു നിന്ന് വരുന്ന ബസുകളാണ് മടങ്ങിപ്പോകുന്നത്. കഴിഞ്ഞദിവസം പണിമുടക്കായിരുന്നതിനാൽ ബസുകൾ എത്തിയിരുന്നില്ല. ഇക്കാര്യം അധികൃതർക്ക് നേരത്തെ അറിയാമായിരുന്നിട്ടും പകരം സംവിധാനം ഒരുക്കിയില്ല. ഒടുവിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പകരം സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. രണ്ട് മണിക്കൂറോളം വൈകിയാണ് ബസുകൾ പുറപ്പെട്ടത്.