പന്തളം: നാളെ ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലുമെല്ലാം നിരീക്ഷണ കാമറ സ്ഥാപിക്കും. ജില്ലാ പൊലീസ് ചീഫ് ടി.നാരായണൻ, അടൂർ ഡിവൈ.എസ്.പി ആർ.ജോസ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് ഡിവൈ.എസ്.പി, ഏഴ് സി.ഐ, എസ്.ഐ, എ.എസ്.ഐമാർ, വനിതാ ഷാഡോ ഉൾപ്പെടെ മുന്നൂറിലേറെ പൊലീസുകാരെ വിന്യസിക്കും. തിരുവാഭരണ ഘോഷയാത്രയെ പത്തനംതിട്ട എ.ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് സുരേഷിന്റെ നേതൃത്വത്തിൽ 75 സായുധ പൊലീസ് അനുഗമിക്കും.


ഗതാഗത നിയന്ത്രണം
പന്തളത്ത് നാളെ ഉച്ചയ്ക്ക് 12മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. എം.സി റോഡിൽ ചെങ്ങന്നൂർ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ പന്തളം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് തുമ്പമൺ അമ്പലക്കടവ് കുളനട വഴിയും അടൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ കുളനട ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അമ്പലക്കടവ് തുമ്പമൺ വഴി പന്തളം ജംഗ്ഷനിൽ എത്തി യാത്ര തുടരണം. പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ മുതൽ കുളനടവരെ എം.സി റോഡിന് ഇരുവശത്തും വാഹന പാർക്കിംഗ് അനുവദിക്കില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന്‌ പൊലീസ് അറിയിച്ചു.