മറയൂർ: മറയൂരിൽ ചന്ദനലേലം റെക്കാഡ് കടന്നു. ബിലായത്ത് ബുദ്ധ ഇനത്തിൽപ്പെട്ട ചന്ദനത്തിന്റെ വില കിലോയ്ക്ക് 19,075 രൂപ. ഈ വർഷത്തെ ആദ്യ ചന്ദന ലേലത്തിൽ 28.24 കോടി രൂപയുടെ ചന്ദനമാണ് ഇന്നലെ വിറ്റഴിച്ചത്. ഓൺലൈനാക്കിയശേഷം ഒറ്റ ദിവസം കൊണ്ട് ഇത്രയധികം തുകയ്ക്ക് ലേലം നടക്കുന്നത് ആദ്യമാണ്.

254 ലോട്ടുകളിലായി 17 ഇനങ്ങളായി തരം തിരിച്ച് 72.24 ടൺ ചന്ദനമാണ് ലേലത്തിന് വച്ചത്. ഒന്നാം ദിനത്തിൽ രണ്ട് ഘട്ടങ്ങളിലായി 35.94 ടൺ ചന്ദനം ലേലത്തിൽ വച്ചതിൽ 29.4 ടൺ ചന്ദനം വിറ്റഴിച്ചു. ഏറ്റവും കൂടുതൽ വില ലഭിച്ചത് ഒന്നാം ക്ലാസ് വിഭാഗത്തിലെ ബുദ്ധ ഇനത്തിൽപ്പെട്ട ചന്ദനത്തിനാണ്. ഏറ്റവും അധികം ആവശ്യക്കാരുള്ള ബാഗ്രദാദ് ക്ലാസ് 6 ചന്ദനം 14 ടൺ വിറ്റഴിഞ്ഞു.

മുൻ വർഷങ്ങളിലെ പോലെ കർണ്ണാടക സോപ്പ്സ് കമ്പനിയാണ് ഇത്തവണയും ലേലത്തിൽ ഏറ്റവുമധികം ചന്ദനം വാങ്ങിയത്. ഇവർ 18.2 ടൺ ചന്ദനം 18 കോടി രൂപയ്ക്ക് വാങ്ങി. ലേലത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ്, ചെന്നൈ പൂമ്പുകാർ, ശ്രീ ഗുരുവായൂരപ്പൻ സമാജം കൊൽക്കത്ത എന്നീ ക്ഷേത്രങ്ങളും കോട്ടക്കൽ ആര്യ വൈദ്യശാല, അംബുജ ഇൻസ്റ്റിസ്റ്റ്യൂട്ട് എന്നീ ആയുർവേദ മരുന്ന് നിർമ്മാണ കമ്പനികളും, കേരള സ്റ്റേറ്റ് ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ആലപ്പുഴയും ലേലത്തിൽ പങ്കെടുത്തു.

കൊള്ളക്കാരിൽ നിന്ന് പിടികൂടിയ ടാൻസാനിയൻ (ആഫ്രിക്കൻ) ചന്ദനം 1870 കിലോ ലേലത്തിൽ വച്ചെങ്കിലും വിറ്റഴിക്കപ്പെട്ടില്ല. ട്രേഡ് യൂണിയനുകൾ നടത്തിയ പണിമുടക്കിനെ തുടർന്ന് മാറ്റിയ ഒമ്പതാം തീയതിലെ ലേലത്തിന്റെ രണ്ടാം ഘട്ടം 14 ന് നടക്കും.