കലിയുഗവരദനായ ഭഗവാന്റെ നടയിൽ മകരവിളക്കിന് മുഹൂർത്തം ആഗതമായി ! ആത്മശുദ്ധിയുടെ ഉത്കൃഷ്ടത പാടിപ്പുകഴ്ത്തുന്ന ശബരിമലയിൽ സംക്രമസന്ധ്യ . മനുഷ്യനെ മനുഷ്യനായി കാണാനുള്ള വിശ്വദാർശനികതയുടെ പ്രകടിത ഭാവം! ചൈതന്യധന്യമായ ശബരിമലയിൽ പതിനെട്ട് മലദൈവങ്ങൾ കുടിയിരിക്കുന്ന, പതിനെട്ടു മലകൾക്കും നടുവിൽ പ്രശോഭിക്കുന്ന, പതിനെട്ടു പടികൾക്കും മുകളിൽ വിരാജിക്കുന്ന ശബരീശനിലയം. അവിടേക്ക് പുണ്യപാപങ്ങളാകുന്ന ഇരുമുടിക്കെട്ടുമേന്തി, അകക്കണ്ണുതുറന്ന്, ആത്മസമർപ്പണത്തിനായി നമ്മുടെ രണ്ട് ബാഹ്യ ചക്ഷുസുകൾക്കുപരി മൂന്നാം കണ്ണിലൂടെയുള്ള ദർശന സൗഭാഗ്യമെന്നപോലെ നാളികേരത്തിന്റെ മൂന്നാം കണ്ണു തുറന്ന് നെയ്യ് നിറച്ച് ആ നെയ്യ് ജീവാത്മാവും പരമാത്മാവുമായിരിക്കുന്ന ഹരിഹരസുതനും സദാ ആനന്ദചിത്തനും അയ്യനും അയ്യപ്പനുമായ സ്വാമിയുടെ വിഗ്രഹത്തിൽ അഭിഷേകിച്ച് ആത്മനിർവൃതിപൂകുമ്പോൾ 'അതു നീ തന്നെ" എന്ന് ഓരോ ഭക്തനോടും ഭഗവാൻ അരുളിച്ചെയ്യുന്നതായിട്ട് കാണാൻ കഴിയും;
ആത്മാനുഭൂതിപൂർണമായ 'മകരവിളക്ക്" തെളിയുമ്പോൾ വിശ്വാസത്തിന്റെ സുകൃതവും പരസ്പരാദർശത്തിന്റെ വശ്യതയും പ്രസ്പഷ്ടമാകുന്നു, എത്രയോ മനുഷ്യഹൃദയങ്ങൾ ആഗ്രഹിച്ചുവച്ചിരുന്നതുപോലെ ! ഉള്ളിലുള്ള ആത്മാവ് പ്രപഞ്ചസ്വരൂപനായ ഈശ്വരനും ബാഹ്യശരീരം ക്ഷേത്രവുമാകുന്നു.
മകരമാസം ദേവന്മാരുടെ ഉഷഃകാലമാണ് എന്ന് പറയുംപോലെ തന്നെ മനുഷ്യനന്മയുടെ പരിവർത്തനപരമായ ഒരു ഉഷശ്രീ സമ്മാനിക്കുന്ന മുഹൂർത്തമാണ്. മനുഷ്യസമൂഹവും ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ച് പൂജാവന്ദനാദികൾ ചെയ്താൽ കോടി നാൾ പൂജിച്ച ഫലവും ഐശ്വര്യ സമ്പൽസമൃദ്ധികളും കൈവരുമെന്നാണ്.
നമ്മുടെ ഈ 'സംക്രമം" തമിഴ് ജനതയുടെ പൊങ്കൽ എന്നും മറ്റു പല സ്ഥലങ്ങളിലും 'സംക്രാന്തി " എന്നും അറിയപ്പെടുകയും സവിശേഷാരാധനാപരമായ ധന്യമുഹൂർത്തമായി പരിപാലിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിൽ എന്നല്ല, ഭാരതമാകമാനം തന്നെ ആത്മൈക്യത്തിന്റെയും അദ്ധ്യാത്മ പ്രബുദ്ധതയുടെയും സുവർണരാജികൾ വിതറാൻ ശബരിമല തീർത്ഥാടനത്തിനു കഴിയുന്നു എന്നതു തന്നെ നമുക്ക് ആത്മാഭിമാന പ്രചോദിതമാണ്. മനുഷ്യജന്മത്തിന്റെ നിസഹായാവസ്ഥയും നിരാലംബത്വവും ശരണാഗതരായ 'അയ്യപ്പ"ന്മാരുടെ, ഹൃദയാന്തർഗ്ഗതത്തിലുണ്ട്; ആ ശരണ ധ്വനികളിലുണ്ട്. അജ്ഞാതവും അവ്യാഖ്യേയവുമായ ഒരുൾവിളിയുടെ ശാന്തവും ചിദാനന്ദസാന്ദ്രവുമായ ഒരന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെടുന്നു. കോടാനുകോടി ഭക്തജനങ്ങളുടെ ജീവിത പുണ്യമുഹൂർത്തവേളയാണിത്. ജാതിയുടേതായ വിഭാഗീയതകളും മതത്തിന്റെ പേരിലുള്ള അനാദരങ്ങളും കൊണ്ട് കലുഷിതമായിക്കൊണ്ടിരിക്കുന്ന സമൂഹമധ്യത്തിൽ ഭക്തിയുടെ ഭാവത്തിൽ നിന്നുകൊണ്ട് ഹൃദയശുദ്ധിക്കുള്ള വിളക്കു തെളിക്കുകയാണ്. അശരണർക്ക് ആശ്രയവും, അന്വേഷകർക്ക് വഴികാട്ടിയും, ആത്മശുദ്ധിയുള്ളവന് സുഹൃത്തും, സന്യാസിക്ക് ആത്മബോധവുമായി ശ്രീശബരീശൻ പ്രകാശമരുളുന്നു.
അചഞ്ചലമായ വിശ്വാസത്തിന്റെ ദീപ്തിമത്തായ ഈ പുണ്യഭൂമി അനാചാരങ്ങളെയും അഹംഭാവങ്ങളെയും പടിയിറക്കുന്നു. എന്നാൽ, അഹിതങ്ങളുടെ ദുഷ്കരഭൂമിയിൽ നിന്ന് സ്വയം അതീതനെന്ന അഹംകൃതി ഒരുവനെ ദുഷ്കൃതനാക്കുകയും താൻ വെറും ഈശ്വരാംശം മാത്രമാണെന്നും ''അത്, നീ തന്നെ"യെന്നും 'ആ നീ തന്നെയാണ് ഞാനെ"ന്നുമുള്ള ആത്മബോധോദയം ഒരുവനെ സുകൃതനാക്കുകയും ചെയ്യുന്നു. രാമായണ കാലം മുതലേ എത്രയോ അയനങ്ങൾ നടന്നിടമായ 'ശബരിമല"കാനനഭൂമി", 'ശബരിയുടെയും മഹർഷിമാരുടെയും ശ്രീരാമഭക്തരായ എത്രയോ ധന്യതേജസ്വികളുടെയും കഥ പറയുന്നിടമാണ്. ഉത്തരേന്ത്യയിലെ കാശിയും ഗംഗാനദിയും പോലെയാണ് കേരള ഭൂമികയുടെ ശ്രീശബരിമലയും പമ്പയും. ശാന്തമായൊഴുകുന്ന പമ്പ സ്നേഹസാന്ദ്രമാണ്. നിറയെ അനുകമ്പയാണിതിൽ.
ശബ്ദസ്പർശരൂപരസഗന്ധങ്ങളായ പഞ്ചതന്മാത്രകളാകുന്നു ആദ്യപടികൾ. പഞ്ചവിഷയ സ്വരൂപങ്ങൾ, പഞ്ചകർമ്മേന്ദ്രിയങ്ങൾ, അഹങ്കാരം, ബുദ്ധി എന്നീ ശാരീരിക ഘടകങ്ങളുടെയും അവയുടെ വൃത്തികളുടെയും ഉദ്ബോധനങ്ങളാണ്. ഭഗവത് ദർശനത്തിനും സാക്ഷാത്കാരത്തിനും വൈമുഖ്യം സൃഷ്ടിക്കുന്ന തരത്തിലുള്ള അവസ്ഥാവിശേഷങ്ങളെ മറികടന്ന് ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിന്റെ തത്വാവബോധമാണ് ഇവിടെ പ്രകടമാകുന്നത്.
കടലും കരയും പോലെ, കാനനവും നാടും ചേരുന്നതാണ് പ്രപഞ്ചം. പരസ്പരം അറിയാനും അംഗീകരിക്കാനും ഒത്തുചേരാനും നിലനിറുത്താനും ഈ തീർത്ഥാടന പരിസമാപ്തി ഓരോ ഭക്തനെയും ഓർമ്മിപ്പിക്കുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിനു മുൻപു തന്നെ മതമൈത്രിയുടെയും സമഭാവനയുടെയും മാനവിക ഏകീകരണത്തിന്റെയും ശംഖധ്വനി ശബരീസസന്നിധിയിൽ മുഴങ്ങിയിരുന്നു. അതിന്റെ ഉത്തമോദാഹരണമാണ് എരുമേലി. ''എരുമേലിപ്പേട്ട" ചരിത്ര പ്രസിദ്ധമാണല്ലോ.
കോപത്തിൽ നിന്ന് തപസിനെ രക്ഷിക്കാനും മത്സരത്തിൽ നിന്ന് ഐശ്വര്യത്തെ രക്ഷിക്കാനും മാനാപമാനങ്ങളിൽ നിന്ന് വിദ്യയെ - അറിവിനെ - രക്ഷിക്കാനും തെറ്റായ മാർഗങ്ങളിൽ നിന്ന് തന്നേത്തന്നെ രക്ഷിക്കാനും ശ്രീഹരിഹരപുത്രൻ ഈ മകര സംക്രമ സുദിനത്തിൽ നമുക്ക് ശക്തി പകരട്ടെ! നാനാത്വത്തിൽ ഏകത്വമെന്ന ഭാരതീയ സങ്കല്പത്തിന് സുവർണമകുടം ചാർത്തുന്ന ഈ ദേവഭൂമിയിൽ നാനാവർണ വിഭാവിതമായ ഭാവ സൗന്ദര്യത്തിന്റെ സമ്പൂർണ ദൃശ്യം സകല സൗഭാഗ്യ സമ്പൽ സമൃദ്ധമായ സമാധാനത്തിന്റെ ഒരു ലോകം ഉദിക്കട്ടെ.