തിരുവനന്തപുരം: തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനുള്ള കേന്ദ്ര നിയമം സംസ്ഥാനങ്ങൾക്കും ബാധകമാണെങ്കിലും കേരളത്തിൽ ഇത് നടപ്പിലാക്കുന്നതിന് നിയമസഭയിൽ പ്രത്യേക നിയമ നിർമ്മാണം നടത്തിയേക്കും.
സാമുദായിക സംവരണത്തിന് നിലവിൽ അർഹതയില്ലാത്ത എല്ലാ ജാതി വിഭാഗങ്ങൾക്കും പത്ത് ശതമാനം സാമ്പത്തിക സംവരണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ഇനി രാഷ്ടപതി ഒപ്പു വയ്ക്കുന്നതോടെ രാജ്യത്തെ നിയമമാവും. എന്നാൽ, ഭരണഘടന നിലവിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത് 50 ശതമാനം സാമുദായിക സംവരണം മാത്രമാണ്. ഇതിന് പുറമേ പത്ത് ശതമാനം സാമ്പത്തിക സംവരണം കൂടി വരുമ്പോൾ മൊത്തം സംവരണം 60 ശതമാനമായി ഉയരും. പൊതുവിഭാഗത്തിലേത് 50 ശതമാനത്തിൽ നിന്ന് നാല്പതായി കുറയുകയും ചെയ്യും. സംസ്ഥാനത്ത് പി.എസ്.സി വഴിയും മറ്റും നടത്തുന്ന നിയമനങ്ങൾക്കും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെയുള്ള പ്രവേശനങ്ങൾക്കും നിലവിലുള്ള ചട്ടങ്ങളിൽ ഇതിന് അനുസൃതമായി മാറ്റം വേണ്ടിവരും. കേരള സർവീസ് ചട്ടങ്ങളിലും ഭേദഗതി വരുത്തണം. ഈ പശ്ചാത്തലത്തിൽ കേന്ദ്ര നിയമം പ്രാവർത്തികമാക്കുന്നതിന് സംസ്ഥാനത്തും പ്രത്യേക നിയമനിർമ്മാണം ആവശ്യമായി വരുമെന്ന് സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് കേരളകൗമുദിയോട് പറഞ്ഞു. സാമ്പത്തിക സംവരണത്തിന് പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതി സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നതിന് സംസ്ഥാന നിയമസഭകളും ഇതേ ഭേദഗതി പാസാക്കുന്നതാവും ഉചിതമെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
സാമ്പത്തിക സംവരണത്തോടും അതിലെ നിയമ വ്യവസ്ഥകളോടും തത്വത്തിൽ സംസ്ഥാന സർക്കാരിന് വിയോജിപ്പില്ലാത്തതിനാൽ ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിനും ബുദ്ധിമുട്ടില്ല. പ്രായോഗികത കണക്കിലെടുത്ത് സംസ്ഥാനം പ്രത്യേക നിയമ നിർമ്മാണം നടത്തുന്നതിൽ തടസമില്ലെന്ന് നിയമ വകുപ്പ് മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കി. നിലവിലുള്ള 50 ശതമാനം സാമുദായിക സംവരണം അതേപടി നിലനിറുത്തിക്കൊണ്ട് തന്നെ 10 ശതമാനം സാമ്പത്തിക സംവരണമാണ് ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നതെങ്കിലും, നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഇത് തങ്ങൾക്ക് വിനയായിത്തീരുമോയെന്ന് സംസ്ഥാനത്ത് പിന്നാക്ക -പട്ടിക വിഭാഗ സംഘടനകൾക്ക് ആശങ്കയുണ്ട്.
പാർലമെന്റിന്റെ നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ അംഗീകാരം ലഭിക്കുമോ എന്നതാണ് ഒരു പ്രശ്നം. സാമ്പത്തിക സംവരണത്തിന് അർഹരായ വിഭാഗങ്ങൾക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ട്.