ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ താന്നിവിള കുടുംബക്ഷേമാരോഗ്യ കേന്ദ്രം റോഡ് നവീകരിക്കണമെന്ന നാട്ടുകാരുട ആവശ്യം ശക്തമാകുന്നു. പള്ളിച്ചൽ പഞ്ചായത്തിലെ താന്നിവിള-വടക്കേവിള വാർഡുകളിൽ ഉൾപ്പെടുന്ന സ്ഥലമാണ് താന്നിവിള ആശുപത്രി റോഡ്. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് രണ്ട് വർഷം മുമ്പ് നവീകരിച്ച റോഡാണ് ഗതാഹത യോഗ്യമല്ലാതെ തകർന്ന് കിടക്കുന്നത്. മഴയത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് കാരണം റോഡിലെ ടാർ മുഴുവൻ ഒലിച്ചുപോയി. ഇരു ചക്രവാഹനങ്ങൾക്ക് പോലും യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. റോഡിലെ വെള്ളം ഒഴുകിപോകാൻ ഓടപോലും ഇല്ലാത്തതിനാൽ വെള്ളം കെട്ടിക്കിടന്ന് റോഡിലെ കുഴികൾ വർദ്ധിക്കുകയാണ്. നേരത്തെ റോഡ് പുനഃർ നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചപ്പോൾ ഓടയും നിർമ്മിക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിരുന്നു. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത കാരണം ഓട നിർമ്മാണം ഒഴിവാക്കുകയായിരുന്നു. എന്നാൽ റോഡ് നിർമ്മിച്ച് മാസങ്ങൾ കഴിയുന്നതിന് മുൻപ് തന്നെ റോഡിന്റെ പല ഭാഗങ്ങളും തകരാൻ തുടങ്ങി.
ഓട നിർമ്മാണം ആവശ്യം
കാലങ്ങളായി റോഡ് നവീകരിക്കുന്നുണ്ടെങ്കിലും ഓടനിർമ്മിക്കാത്തതിനാൽ റോഡ് പൊട്ടിപ്പൊളിയുന്നത് പതിവാണ്. നേരത്തെ ഉണ്ടായിരുന്ന ഓടയാകട്ടെ മാലിന്യങ്ങൾ അടിഞ്ഞുകൂടി വെള്ളം ഒഴുകിപോകാൻ കഴിയാത്ത വിധം നശിച്ചുകിടക്കുകയാണ്. താന്നിവിളയിൽ നേതാജി റൂറൽ ഡെവലപ്മെന്റ് സംഘത്തിന് മുന്നിൽ നിന്നും ആശുപത്രി റോഡിലേക്ക് തിരിയുന്ന 500 മീറ്ററോളം ഭാഗത്ത് ഓടനിർമ്മിച്ച് വെള്ളക്കെട്ട് തടയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
തകു അനുവദിച്ചെന്ന് മെമ്പർ
പള്ളിച്ചൽ പഞ്ചായത്തിലെ താന്നിവിള ആശുപത്രി റോഡിൽ താന്നിവിള വാർഡിൽ ഉൾപ്പെടുന്ന 20 മീറ്റർ ഭാഗം ഇന്റെർലോക്ക് ഇടുന്നതിലേക്കായി 5 ലക്ഷം രൂപ അനുവദിച്ച് എസ്റ്റിമേറ്റ് കൈമാറിയതായി വാർഡ് മെമ്പർ വിക്രമൻ അറിയിച്ചു. ജില്ലാ പഞ്ചായത്ത് കൂടുതൽ ഫണ്ട് അനുവദിച്ചാൽ മാത്രമേ ഓടനിർമ്മിച്ച് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.