തിരുവനന്തപുരം:കോൺഗ്രസ് സ്ഥാനാർത്ഥികളെ മുകളിലുള്ള ഏതാനും പേർ കൂടിയിരുന്ന് തീരുമാനിക്കുന്ന രീതി ഇത്തവണ ഉണ്ടാകില്ലെന്ന് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി വ്യക്തമാക്കി. ഫെബ്രുവരി അവസാനത്തോടെ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ സ്ഥാനാർത്ഥികളെയും തീരുമാനിക്കും. സ്ഥാനാർത്ഥി ചർച്ച ഉടൻ ആരംഭിക്കാൻ സംസ്ഥാന ഘടകങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. കാലം ആഗ്രഹിക്കുന്ന മാറ്റങ്ങൾ പാർട്ടിയിലുണ്ടാവണമെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ നിലപാടെന്നും ഇന്ദിരാഭവനിൽ കെ.പി.സി.സി ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത് ആന്റണി പറഞ്ഞു.

കോൺഗ്രസിന്റെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുകയാണ് പ്രധാനം. കഴിഞ്ഞ തവണ പരമ്പരാഗതമായി പിന്തുണച്ച ചില വിഭാഗങ്ങൾ തെറ്റിദ്ധാരണ മൂലം അകന്ന് പോയി. അവരെ തിരിച്ചുകൊണ്ടുവരണം. എന്ത് വിട്ടുവീഴ്ച ചെയ്തും യോജിക്കാവുന്ന എല്ലാവരുമായും യോജിച്ച് മോദി ഭരണത്തിന് അന്ത്യം കുറിക്കുകയാണ് ഒന്നാമത്തെ ലക്ഷ്യം. കോൺഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാൽ ഈ ഭരണം അവസാനിപ്പിക്കാനാവില്ല. പക്ഷേ ഈ പോരാട്ടത്തിൽ കോൺഗ്രസ് തന്നെയാണ് നിർണായകശക്തി. കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കാതെ മോദിഭരണം അവസാനിപ്പിക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഭയപ്പെടുന്ന എതിരാളി രാഹുൽഗാന്ധി മാത്രമാണ്. കോൺഗ്രസിനെ പതിവായി വിമർശിക്കുന്ന മാഗസിൻ പോലും 2019ലെ മാൻ ഒഫ് ദ ഇയർ ആയി തിരഞ്ഞെടുത്തിരിക്കുന്നത് രാഹുൽ ഗാന്ധിയെ ആണ്. സംസ്ഥാനങ്ങളിൽ സഹകരിക്കാവുന്ന കക്ഷികളുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും.

കുരുക്ഷേത്രയുദ്ധത്തിന്റെ വർഷമാണിത്. ഇതിൽ കൈപ്പിഴ സംഭവിച്ച് രണ്ടാമതും ആർ.എസ്.എസ് നേതൃത്വത്തിലുള്ള സർക്കാർ വന്നാൽ ആദ്യം തകർക്കുന്നത് നമ്മുടെ ഭരണഘടനയായിരിക്കും. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ മൗലികാവകാശങ്ങൾ സംരക്ഷിക്കുകയാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന കർത്തവ്യമെന്നും ആന്റണി പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ സംബന്ധിച്ചു.

ഗ്രൂപ്പ് ബലത്തിൽ മനക്കോട്ട കെട്ടേണ്ട​

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് ബലത്തിൽ സ്ഥാനാർത്ഥിയാകാമെന്ന് ആരും മനക്കോട്ട കെട്ടേണ്ടെന്നും ആന്റണി വ്യക്തമാക്കി. ജയസാദ്ധ്യതയുള്ളവരുടെ പട്ടിക ഫെബ്രുവരി 20നകം നൽകാൻ ഡി.സി.സികൾക്ക് നിർദ്ദേശം നൽകിയതായി മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു. ഫെബ്രുവരി 20നോ തൊട്ടടുത്ത ദിവസങ്ങളിലോ ഹൈക്കമാൻഡ് അഖിലേന്ത്യാ തലത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന സൂചനയാണ് യോഗത്തിലുണ്ടായത്.

കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടി ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള നടപടി ഉടൻ തുടങ്ങാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും,​ ഇവരായിരിക്കും പട്ടികയിൽ ഉണ്ടാവുകയെന്നും ആന്റണി പറഞ്ഞു.

ശബരിമല

ശബരിമല വിഷയത്തിൽ കേരളം കത്തിച്ചാമ്പലാകാതിരുന്നത് കോൺഗ്രസിന്റെ സമീപനം മൂലമാണെന്ന് ആന്റണി പറഞ്ഞു. ബി.ജെ.പി വളരട്ടെ എന്നും കോൺഗ്രസ് തളരട്ടെ എന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ശബരിമല പ്രശ്നം ആളിക്കത്തിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും ശ്രമിച്ചപ്പോൾ സർക്കാരും അതേ നിലപാടിൽ അവരെ നേരിട്ടു. ഇവർക്കിടയിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടാണ് കേരളത്തെ രക്ഷിച്ചത്- ആന്റണി പറഞ്ഞു.