തിരുവനന്തപുരം: ശബരിമലയിലെ ശുദ്ധിക്രിയ വാവാദത്തിൽ തന്ത്രിയോട് വിശദീകരണം തേടി നോട്ടീസ് നൽകി തടിയൂരിയെങ്കിലും തിരുവിതാംകൂർ ദേവസ്വംബോർഡിൽ അസ്വസ്ഥത പുകയുന്നു. 22നുള്ളിലാണ് തന്ത്രി വിശദീകരണം നൽകേണ്ടത്. എന്നാൽ ശുദ്ധിക്രിയയുടെ ഉത്തരവാദിത്വം തന്ത്രിയുടെ തലയിൽ കെട്ടിവച്ച് ഒഴിയാൻ കഴിയില്ലെന്നതാണ് ബോർഡിനെ ആശങ്കയിലാഴ്‌ത്തുന്നത്.
ശുദ്ധിക്രിയ നടത്തും മുമ്പ് ബോർഡ് പ്രസിഡന്റ് അടക്കം ഉത്തരവാദപ്പെട്ടവരെ അറിയിച്ചതായാണ് തന്ത്രി വെളിപ്പെടുത്തിയത്. പക്ഷേ, ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ബോർഡ് അംഗം കെ.പി.ശങ്കരദാസ് വ്യക്തമാക്കി. മാത്രമല്ല തന്ത്രിക്കെതിരെ നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടതു ശങ്കരദാസും ദേവസ്വം കമ്മിഷണറുമാണ്. ശുദ്ധിക്രിയ നടത്തിയാൽ അത് കോടതി അലക്ഷ്യമാവുമെന്ന് തന്ത്രിക്ക് ദേവസ്വം കമ്മിഷണർ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് അറിയുന്നത്.
ശുദ്ധിക്രിയ നിയമ നടപടികളിലേക്ക് നീങ്ങിയാൽ ബോർഡിന്റെ തലപ്പത്തുള്ളവർക്ക് ഒഴിയാനാവില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാർ രാജിവയ്ക്കുമെന്ന വാർത്ത ഇന്നലെ വ്യാപകമായി പരന്നിരുന്നു. രാജിവയ്ക്കില്ലെന്ന് പത്മകുമാറും മാദ്ധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, വ്യാഴാഴ്ച എ.കെ.ജി സെന്ററിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും എം.എൽ.എമാരുടെയും ശില്പശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഒരു പരാമർശം ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. ചില സ്ഥാനങ്ങളിൽ ചിലരെ ഇരുത്തിയത് പാർട്ടിക്ക് ഭാരമായിട്ടുണ്ടെന്നും ഇത്തരം ഭാരം ഇറക്കിവയ്ക്കേണ്ടി വരുമെന്നുമാണ് അദ്ദേഹം സൂചിപ്പിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് പത്മകുമാറിന്റെ രാജിവാർത്തയും നിഷേധവും വന്നത്.
ബോർഡിന്റെ കാലാവധി നവംബർ 14വരെയുണ്ട്. കാലാവധി കഴിയും മുമ്പ് പ്രസിഡന്റിനെയോ അംഗങ്ങളെയോ മാറ്റാൻ സർക്കാരിന് കഴിയില്ല. എന്നാൽ പാർട്ടി രാജി ആവശ്യപ്പെട്ടാൽ അനുസരിക്കേണ്ടി വരും.
' ഞാൻ രാജിവയ്ക്കുമെന്നത് ചിലരുടെ സ്വപ്നം മാത്രമാണ്. നവംബർ 14ന് കാലാവധി അവസാനിക്കും വരെ തുടരും. കേന്ദ്രസർക്കാർ നികുതി ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ ആർക്കും ഇഷ്ടം പോലെ സ്വപ്നം കാണാം ".
- എ.പത്മകുമാർ