തിരുവനന്തപുരം: കഴിഞ്ഞ ദിവസം സി.ഐ.ടി.യു - എ.ഐ.ടി.യു.സി വിഭാഗം ജീവനക്കാർ തമ്മിലുണ്ടായ കലഹത്തെ തുടർന്ന് പ്രവർത്തനം തടസപ്പെട്ട പൗൾട്രി ഡെവലപ്‌മെന്റ് കോർപറേഷന്റെ പേട്ടയിലെ കെപ്കോ റസ്റ്റോറന്റ് താത്കാലികമായി അടച്ചു. വ്യാഴാഴ്ച സി.ഐ.ടി.യു തൊഴിലാളികളുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാനേജ്മെന്റ് റസ്റ്റോറന്റ് താത്കാലികമായി അടയ്‌ക്കാൻ തീരുമാനിച്ചത്. സി.ഐ.ടി.യു ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ അടുത്തയാഴ്ച ചേരുന്ന യോഗത്തിന് ശേഷം റസ്റ്റോറന്റ് തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് കെപ്കോ ചെയർപേഴ്സൺ ചിഞ്ചുറാണി അറിയിച്ചു. ചിക്കൻ വില്പന കേന്ദ്രം തുറന്ന് പ്രവർത്തിക്കും. അതേസമയം പുറത്തുനിന്നുള്ളവർ കെപ്കോ ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കെപ്കോ അധികൃതർ മുഖ്യമന്ത്രിക്ക് കത്തുനൽകി. സർക്കാർ സ്ഥാപനത്തിൽ കയറി വനിതാജീവനക്കാരെ ഉൾപ്പെടെ അസഭ്യം പറയുകയും ഉപഭോക്താക്കളെ ബന്ദികളാക്കി വയ്ക്കുകയും ചെയ്‌ത സംഭവത്തെ പൊലീസ് നിസാരവത്കരിക്കുകയാണെന്നും അക്രമികൾക്കൊപ്പമാണ് പൊലീസ് നിൽക്കുന്നതെന്നും കെപ്കോ അധികൃതർ അറിയിച്ചു. അതേസമയം സംഭവത്തിൽ പൊലീസ് ഇന്നലെയും കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല.
വ്യാഴാഴ്ച രാവിലെ 11ഓടെയായിരുന്നു സി.ഐ.ടി.യു വിഭാഗം ജീവനക്കാരും എ.ഐ.ടി.യു.സി വിഭാഗം ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് സി.ഐ.ടി.യു വിഭാഗത്തിലെ തൊഴിലാളികൾ റസ്റ്റോറന്റിലെ കസേരകൾ വലിച്ചെറിയുകയും വാതിൽ പൂട്ടുകയും ചെയ്‌തു. ഇതോടെ ഉപഭോക്താക്കൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കെപ്‌കോ റസ്റ്റോറന്റ്, സ്‌നാക്‌സ് കോർണർ, ചിക്കൻ വില്പന കേന്ദ്രം, പ്രധാന ഓഫീസ് എന്നിവയുടെ പ്രവർത്തനം ഇവർ പൂർണമായും തടസപ്പെടുത്തുകയും ചെയ്‌തു. കഴിഞ്ഞ ആഗസ്റ്റ് 15ന് ജോലിക്കിടെ സഹപ്രവർത്തകനെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു വിഭാഗത്തിൽപ്പെട്ട താത്കാലിക ജീവനക്കാരനെ ജോലിയിൽ നിന്നു മാറ്റി നിറുത്തിയതും മറ്റൊരു ജീവനക്കാരന് ജോലി മാറ്റി നൽകിയതുമാണ് പ്രശ്‌നങ്ങൾക്ക് കാരണം. ആരോപണവിധേയനായ ജീവനക്കാരനെ ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സസ്‌പെൻഡ് ചെയ്‌തത്. ഇയാളെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായെത്തിയവരാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചതെന്ന് അധികൃതർ പറഞ്ഞു.
മാനേജ്മെന്റിന് സി.ഐ.ടി.യു വിരുദ്ധ നിലപാട്: വി.ശിവൻകുട്ടി
കെപ്കോ മാനേജ്മെന്റിന്റെ സി.ഐ.ടി.യു വിരുദ്ധ നിലപാടാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് സി.ഐ.ടി.യു നേതാവ് വി. ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഇനി പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്ന് സി.ഐ.ടി.യു ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കെപ്കോ എം.ഡിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്‌തു. വിഷയം പരിഹരിക്കുന്നതിന് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.