മകരവിളക്കുദിനം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ പേടകങ്ങളുമായി പോകേണ്ട സംഘത്തിൽ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ടുനടന്ന സമരത്തിൽ സജീവമായി പങ്കെടുത്തവരാരും ഉണ്ടാകാൻ പാടില്ലെന്ന പൊലീസ് ഉത്തരവ് തീർത്ഥാടനകാലം അവസാനിക്കാൻപോകുന്ന ഇൗ സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങൾക്കും പ്രതിഷേധത്തിനും കാരണമായിരിക്കുകയാണ്. സമരത്തോടനുബന്ധിച്ച് ക്രിമിനൽ കേസുകളിൽ പ്രതികളായ ആരെയും തിരുവാഭരണഘോഷയാത്രയിൽ പങ്കെടുപ്പിക്കില്ലെന്നാണ് പത്തനംതിട്ട പൊലീസ് മേധാവിയുടെ സർക്കുലർ. തിരുവാഭരണ പേടകം വഹിക്കുന്ന ഇരുപത്തിരണ്ടംഗ സംഘത്തെ ആചാരമനുസരിച്ച് പന്തളം കൊട്ടാരമാണ് നിശ്ചയിക്കുന്നത്. ഇവർ ആരൊക്കെയായിരിക്കണമെന്ന് നേരത്തെതന്നെ തീരുമാനിച്ചിട്ടുള്ളതുമാണ്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ സജീവമായിത്തന്നെ പങ്കെടുത്തവർകൂടി ഉൾപ്പെടുന്നതാണ് തിരുവാഭരണ വാഹകസംഘം. പൊലീസിന്റെ വിലക്ക് അതേ രൂപത്തിൽ നടപ്പായാൽ ഇക്കൂട്ടരെ സംഘത്തിൽനിന്ന് ഒഴിവാക്കിയേ മതിയാവൂ. തിരുവാഭരണ സംഘത്തെ നയിക്കേണ്ട കൊട്ടാരം പ്രതിനിധിതന്നെ സമരത്തിൽ പങ്കെടുത്ത ആളാണ്. ആ നിലയ്ക്ക് അദ്ദേഹം ഘോഷയാത്രയിൽ പങ്കെടുക്കുന്നത് പൊലീസ് വിലക്കുമോ എന്നറിയില്ല. പൊലീസിന്റെ ക്ളിയറൻസ് സർട്ടിഫിക്കറ്റുമായി ദേവസ്വംബോർഡ് അധികൃതരെ സമീപിച്ച് പ്രത്യേക തിരിച്ചറിയൽ കാർഡുമായി വരുന്നവരെ മാത്രമേ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ എന്ന നിബന്ധനയുമുണ്ട്. ആചാര സംരക്ഷണ സമരവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുള്ള സമരക്കാരുടെ ചിത്രങ്ങൾ പരിശോധിച്ചാകും പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നത്. അങ്ങനെവന്നാൽ തിരുവാഭരണ സംഘത്തിൽ ഇതിനകം ഉൾപ്പെടുത്തിക്കഴിഞ്ഞ പലരും മാറിനിൽക്കേണ്ടിവരും. പന്തളം കൊട്ടാരമാണ് പരമ്പരാഗതമായി ഇൗ വക ചുമതലകൾ നിർവഹിച്ചുപോന്നത്. അതിന് ഭംഗം വരുത്തുന്ന തീരുമാനമുണ്ടായാൽ തിരുവാഭരണം കൊണ്ടുപോകാൻ ആളുണ്ടാവില്ലെന്നാണ് കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റിന്റെ നിലപാട്. കടുംപിടിത്തത്തിൽ പൊലീസ് അധികൃതർ അയവുവരുത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അങ്ങനെതന്നെയാണ് വേണ്ടതും. ശബരിമല തീർത്ഥാടനത്തിലെ ഏറ്റവും പവിത്രമായ ചടങ്ങ് അലങ്കോലങ്ങളൊന്നുമില്ലാതെ മംഗളമായി സമാപിക്കുന്നതുകാണാനാണ് സംസ്ഥാനത്തും പുറത്തുമുള്ള കോടിക്കണക്കിന് ഭക്തന്മാർ ആഗ്രഹിക്കുന്നത്. പൊലീസ് മുറ ഇൗ പവിത്ര ചടങ്ങിന്റെ വിശുദ്ധി നശിപ്പിക്കാൻ ഇടയാക്കിക്കൂടാ.
വിവാദമായ സുപ്രീംകോടതി വിധി ഇൗ വർഷത്തെ ശബരിമല തീർത്ഥാടനത്തെ ഒട്ടൊന്നുമല്ല പ്രതികൂലമായി ബാധിച്ചത്. ഏതാനും ദിവസംകൂടികഴിഞ്ഞാൽ നട അടയ്ക്കാനിരിക്കെ മകരവിളക്കിനോടനുബന്ധിച്ച തിരുവാഭരണ ഘോഷയാത്രയും സംഘർഷഭരിതമാക്കാനുള്ള ശ്രമം ആരുടെ ഭാഗത്തും ഉണ്ടായിക്കൂടാത്തതായിരുന്നു. തിരുവാഭരണ പേടകങ്ങൾ വഹിക്കുന്നവരിലും ഘോഷയാത്രയെ അനുഗമിക്കുന്നവരിലും കേസിൽ പ്രതികളായവർ പാടില്ലെന്ന ജില്ലാപൊലീസ് മേധാവിയുടെ കർക്കശ നിർദ്ദേശം ഇൗ അവസരത്തിൽ വീണ്ടും അനാവശ്യ വിവാദങ്ങൾക്കും സംഘർഷത്തിനുമുള്ള വഴിമരുന്നാകുകയാണ്. ഇതുപോലുള്ള ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് എടുക്കാറുള്ള കേസുകളുടെ ഗതി എന്താകുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. കേസിൽ പ്രതിയായി എന്നതുകൊണ്ടുമാത്രം ആരും കുറ്റക്കാരാകുന്നില്ല. കുറ്റപത്രം നൽകി കോടതി വിചാരണ പൂർത്തിയായി ശിക്ഷിക്കപ്പെടുമ്പോൾ മാത്രമാണ് പ്രതി കുറ്റവാളിയാകുന്നത്. തിരുവാഭരണത്തിന്റെ ഉടമകളും സൂക്ഷിപ്പുകാരുമായ കൊട്ടാരം അധികൃതർക്കും ദേവസ്വം ബോർഡിനും ഇല്ലാത്ത ദണ്ഡം ഇൗ വിഷയത്തിൽ പൊലീസിന് ഉണ്ടാകേണ്ട കാര്യമില്ല. തിരുവാഭരണ പേടകങ്ങൾക്കും ഘോഷയാത്രയ്ക്കും സംരക്ഷണം നൽകുക എന്ന ചുമതലയ്ക്കപ്പുറം
സംഘത്തിൽ ആരൊക്കെ വേണമെന്നു തീരുമാനിക്കാൻ ആരും പൊലീസിനെ അധികാരപ്പെടുത്തിയിട്ടില്ല. ഭക്തിപാരവശ്യത്തോടെ നടക്കാറുള്ള തിരുവാഭരണ ഘോഷയാത്ര ഇക്കുറിയും അങ്ങനെതന്നെ നടക്കണം. പൊലീസ് വെറുതേ ഇടങ്കോലിട്ട് അന്തരീക്ഷം ദുഷിപ്പിക്കരുത്. വെല്ലുവിളിയുടെ രൂപത്തിലേക്ക് കാര്യങ്ങൾ വഴുതിപ്പോകയുമരുത്.
സ്ത്രീപ്രവേശനത്തിനെതിരെ വിവിധ സ്ഥലങ്ങളിൽ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലേറെ കേസുകളാണ് പൊലീസ് എടുത്തിട്ടുള്ളത്. ആയിരക്കണക്കിനാളുകൾ ഈ കേസുകളിൽ പ്രതികളാണ്. പതിനായിരത്തിലധികം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. കണ്ടാൽ അറിയുന്ന പ്രതികളാണ് ഏറെയും. ഇവരെയൊക്കെ കണ്ടറിഞ്ഞ് പ്രതിപ്പട്ടികയിലാക്കിയിട്ടു വേണം പല കടമ്പകൾ കടന്ന് കേസുകൾ കോടതികളിലെത്താൻ. നിയമം നടപ്പാക്കുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്നും മുഖം നോക്കാതെ വേണം നടപടിയെന്നും പറയാറുണ്ട്. എന്നാൽ പ്രകടമായ വൈരുദ്ധ്യം നിഴലിക്കുന്ന രംഗമാണിത്. ഭരണപക്ഷത്തുള്ളവരോടുള്ള സമീപനമാകില്ല, എതിർ ചേരികളിലുള്ളവരോട്. ദേശീയ പണിമുടക്ക് ദിനങ്ങളിലുണ്ടായ അക്രമങ്ങൾ തന്നെയാണ് നല്ല ഉദാഹരണം. ഭരണസിരാകേന്ദ്രത്തിനു മൂക്കിനു താഴെ സ്റ്റേറ്റ് ബാങ്ക് ശാഖയിൽ കടന്ന് അക്രമം കാണിച്ചവരെ മുഴുവൻ കാമറ കൃത്യമായി കാണിച്ചുകൊടുത്തിട്ടും എത്രപേർ അറസ്റ്റിലായി? തിരുവാഭരണ പേടകം പേറേണ്ടവരുടെ ജാതകം പരിശോധിക്കാനുള്ള വ്യഗ്രതയൊന്നും ഇത്തരം സംഭവങ്ങളിൽ കാണിക്കാറില്ലെന്നതല്ലേ യാഥാർത്ഥ്യം. കേസിൽ പ്രതിയായെന്നത് തിരുവാഭരണ പേടകം വഹിക്കുന്നതിന് ഒരുതരത്തിലും അയോഗ്യതയാകുന്നില്ല. വിശ്വാസത്തിന്റെയും ഭക്തിയുടെയും കാര്യമാണത്. മകരവിളക്കു കഴിഞ്ഞാലും കേസുകൾ മുന്നോട്ടു കൊണ്ടുപോകാവുന്നതാണ്. കൊലക്കേസ് പ്രതികൾക്ക് പോലും നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരിക്കാൻ അവകാശമുള്ള രാജ്യത്ത് താരതമ്യേന ലഘുവായ നിയമലംഘനങ്ങളുടെ പേരിൽ പ്രതിപട്ടികയിലായിപ്പോയവരെ എല്ലാറ്റിൽ നിന്നും മാറ്റി നിറുത്തണമെന്നു ശഠിക്കുന്നത് ശരിയല്ല. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള കൊടിക്കയർ നിർമ്മിക്കുന്നത് സെൻട്രൽ ജയിലിലെ തടവുപുള്ളികളാണെന്ന വസ്തുത പൊലീസിനും അറിയാവുന്നതാണ്.