തിരുവനന്തപുരം: ' എനിക്കിപ്പോൾ 67 വയസായി മക്കളേ, മൂന്ന് വയസ് മുതൽ ഇവിടെ താമസിക്കുകയാണ്. കൂര ഇരിക്കുന്ന മൂന്നര സെന്റ് വസ്‌തുവിന് പട്ടയം കിട്ടാൻ വേണ്ടി എത്രയോ തവണ അപേക്ഷ കൊടുത്തു. കണ്ണടയും മുമ്പ് ഒരു തുണ്ട് വസ്‌തു എന്റെ പേരിൽ കിട്ടിയല്ലോ, ദൈവത്തിന് നന്ദി " - ഭരതന്നൂർ മൈലമൂട് കല്ലുമല തടത്തരികത്ത് വീട്ടിൽ ശോഭന നിറകണ്ണുകളോടെ പറഞ്ഞുനിറുത്തി. ഇന്നലെ കോട്ടയ്‌ക്കകം പ്രിയദർശിനി ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ച 451 പേരിൽ ഒരാളാണ് ശോഭന. മകനും മരുമകളും പേരക്കുട്ടികളുമായി കഴിയുകയാണ് ഈ വൃദ്ധ. വർഷങ്ങളായി താമസിക്കുന്ന സ്ഥലമാണെങ്കിലും രേഖകളില്ലാത്തതിനാൽ സർക്കാരിൽ നിന്നും ആനുകൂല്യങ്ങളൊന്നും കിട്ടാതെയായിരുന്നു ഇവരുടെ ജീവിതം. സ്വന്തം പേരിൽ ഒരു തുണ്ട് ഭൂമി ലഭിച്ചതിന്റെ സന്തോഷം ഇവർ മാത്രമല്ല കൂടെയുള്ളവരും മറച്ചുവച്ചില്ല.
ഇവർക്കൊപ്പം പാങ്ങോട് വില്ലേജിലെ 24 പേർക്കാണ് പട്ടയം ലഭിച്ചത്.