തിരുവനന്തപുരം: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി 13,14 തീയതികളിൽ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പത്തനംതിട്ട ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ 13ന് വൈകിട്ട് 4 മുതൽ ളാഹയിൽ തീർത്ഥാടകരെ ഇറക്കിയ ശേഷം സമീപ റോഡുകളിൽ ഗതാഗതം തടസപെടാത്ത വിധം പാർക്ക് ചെയ്യണം. തീർത്ഥാടകർ ഇവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസുകളിൽ പമ്പയിലേക്ക് പോകണം. ഇവിടത്തെ പാർക്കിംഗ് സ്ഥലം നിറയുന്നതോടെ വാഹനങ്ങൾ പെരുനാട്ടിൽ തീർത്ഥാടകരെ ഇറക്കിയശേഷം സമീപ റോഡുകളിലും കാർമ്മൽ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. ഇവിടെനിന്നു കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് നടത്തും. പെരുനാടും നിറഞ്ഞാൽ, വടശേരിക്കരയിൽ ഇറക്കിയ ശേഷം സീതത്തോട്, ആങ്ങമൂഴി മുതൽ മൂഴിയാർ വരെയുള്ള വിവിധ റോഡുകളുടെ സൈഡിലും ലഭ്യമായ ഇടത്താവളങ്ങളിലും പാർക്ക് ചെയ്യണം.

എരുമേലിയിൽ നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ എരുമേലി പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഇവിടെ നിന്ന് കെ.എസ്.ആർ.ടി.സി പമ്പയിലേക്ക് സർവീസ് നടത്തും. എരുമേലി പാർക്കിംഗ് ഗ്രൗണ്ട് നിറയുന്നതോടെ പാലാ പൊൻകുന്നം റോഡിൽ ഇളങ്ങുളം അമ്പലം ഗ്രൗണ്ടിലും, റോഡിന്റെ ഇടതുവശത്തും പാർക്ക് ചെയ്തതിനു ശേഷം പൊൻകുന്നത്തു നിന്നു കെ.എസ്.ആർ.ടി.സി ബസുകളിൽ എരുമേലി, നിലയ്ക്കൽ വഴി പമ്പയിലേക്ക് പോകണം. ഇടുക്കിയിൽ നിന്നും മുണ്ടക്കയം വഴി നിലയ്ക്കലിലേക്ക് പോകുന്ന വാഹനങ്ങൾ വണ്ടിപ്പെരിയാർ, ലഭ്യമായ മ​റ്റ് ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

മകരവിളക്ക് ദിവസമായ 14ന് ഉച്ചയ്ക്ക് 2ന് ശേഷം പത്തനംതിട്ട, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിൽ നിന്നും നിലയ്ക്കലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തി വയ്ക്കും. സ്വകാര്യവാഹനങ്ങളും അനുവദിക്കില്ല. മകരജ്യോതിക്ക് ശേഷം പൊലീസിന്റെ നിർദ്ദേശം ലഭിച്ചതിനു ശേഷമേ നിലയ്ക്കലേക്ക് കെ.എസ്.ആർ.ടി.സി സർവീസുകളും സ്വകാര്യ വാഹനങ്ങളും കടത്തിവിടൂ.