jayarajan

തിരുവനന്തപുരം: കോടതികളുടെ നിലനിൽപ്പുപോലും അപകടത്തിലാകുന്ന വിധത്തിലേക്കാണ് രാജ്യത്തിന്റെ പോക്കെന്നും സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും സി.ബി.ഐ ഡയറക്ടറെ വീണ്ടും പുറത്താക്കിയത് ഫാസിസമാണെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമ്പന്ന മേധാവിത്വത്തിലൂടെ സവർണാധിപത്യം സ്ഥാപിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാജ്യത്താകെ അസ്വസ്ഥത പടരുമ്പോൾ കുറച്ചെങ്കിലും ഭേദം കേരളമാണ്. ദേശീയതലത്തിൽ കോൺഗ്രസിന് ക്ഷീണം ഉണ്ടായപ്പോൾ അതുപയോഗപ്പെടുത്തി വളരാൻ ഇടതുപക്ഷത്തിനായില്ല. അത് ഉപയോഗപ്പെടുത്തി അധികാരം നേടിയ സംഘപരിവാർ രാജ്യത്തെ അപകടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് ടി. ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു.

എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ടി.എസ്. രഘുലാൽ, കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി കെ.എൻ അശോക്‌കുമാർ, കെ.ജി.എൻ.എ ജനറൽ സെക്രട്ടറി പി. ഉഷാദേവി, പി.എസ്.സി എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി എം. ഷാജഹാൻ, എ.കെ.ജി.ടി.സി ജനറൽസെക്രട്ടറി കെ.കെ ദാമോദരൻ, എ.കെ.പി.സി.ടി.എ ജനറൽസെക്രട്ടറി പി.എൻ. ഹരികുമാർ എന്നിവർ സംസാരിച്ചു. കെ.എൽ.എസ്.എസ്.എ സെക്രട്ടറി എം. കുഞ്ഞുമോൻ സ്വാഗതവും വൈസ് പ്രസിഡന്റ് സതികുമാർ നന്ദിയും പറഞ്ഞു.