chandra

തിരുവനന്തപുരം: മിച്ചഭൂമി കണ്ടെത്തി അർഹതപ്പെട്ടവർക്ക് നൽകുന്നതിനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലാതല പട്ടയ വിതരണം കോട്ടയ്‌ക്കകം പ്രിയദർശിനി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രൈബ്യൂണലുകളിലെ കേസുകൾ വേഗം തീർപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. എം.എൽ.എമാരായ കെ. ആൻസലൻ, ഐ.ബി. സതീഷ്, വി.എസ്. ശിവകുമാർ,​ ജില്ലാ കളക്ടർ കെ. വാസുകി, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു. കാട്ടാക്കട, നെടുമങ്ങാട്, തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ 451 പേർക്കാണ് പട്ടയം അനുവദിച്ചത്. പാങ്ങോട് വില്ലേജിലെ 24 പേർക്കാണ് പട്ടയം ലഭിച്ചത്. പരമാവധി 15 സെന്റ് വസ്‌തുവാണ് ഓരോരുത്തർക്കും അനുവദിച്ചത്. നെയ്യാറ്റിൻകര, കാട്ടാക്കട, തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിൽ നിന്നുള്ളവർക്കായിരുന്നു ഇന്നലെ പട്ടയം നൽകിയത്. പട്ടയം നൽകിയതിൽ 238 പേരും നെടുമങ്ങാട് താലൂക്കിൽ നിന്നുള്ളവരാണ്. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത 18 പേർക്ക് 25 സെന്റ് ഭൂമി വീതവും ഇതോടൊപ്പം അനുവദിച്ചു. ഇതിനായി തെന്നൂർ വില്ലേജിൽ നാല് ഏക്കർ ഭൂമിയാണ് സർക്കാർ വാങ്ങിയത്.