വിതുര: വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് യൂണിറ്റ് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളാകുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മലയോര മേഖലയിൽ കല്ലാറിൽ പ്രവർത്തിക്കുന്ന ഗവ.എൽ.പി സ്കൂളിന്റെ അക്കാഡമിക നിലവാരം ഉയർത്തുന്നതിനായി സ്കൂളിനെ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടമായി പി.ടി.എയുടെയും എസ്.എം.സിയുടെയും വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന്റെയും മേൽനോട്ടത്തിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ കല്ലാർ എൽ.പി സ്കൂളിൽ സജ്ജീകരിക്കുന്ന ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ കൈമാറ്റം മന്ത്രി സി. രവീന്ദ്രനാഥ് പങ്കെടുത്ത ചടങ്ങിൽ നടത്തി. തുടർ പ്രവർത്തനങ്ങൾക്കായി നൂറ് കെഡറ്റുകൾ അടങ്ങുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ ടീമിനെ രൂപീകരിച്ചു. പുസ്തകങ്ങൾ വാങ്ങുന്നതിനായി പണം സ്വരൂപിച്ചത് പാലോട് സബ് ജില്ലാ കലോത്സവ വേദിയിൽ എത്തിയ കലാകാരന്മാർക്കും അദ്ധ്യാപകർക്കും വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന പൊതിച്ചോറ് വില്പന നടത്തിയാണ് കെഡറ്റുകൾ ഉദ്യമത്തിന് തുക കണ്ടെത്തിയത്. കമ്മ്യൂണിറ്റി പൊലീസ് ഒാഫീസർ കെ. അൻവറാണ് എസ്.പി.സിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.