കിളിമാനൂർ: ഗ്രാമീണ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കിണറുകളും കുളങ്ങളും ഉൾപ്പെടെയുള്ള ജല സ്രോതസുകൾ വറ്റി വരണ്ടതോടെ കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പാച്ചിൽ തുടങ്ങി. വാമനപുരം നദിയും ചിറ്റാറും വറ്റി തുടങ്ങിയതോടെ ഇവയെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന നിരവധി കുടിവെള്ള പദ്ധതികളും പ്രയോജനപ്പെടാത്ത സ്ഥിതി ആയി. പഴയകുന്നുമ്മൽ, കിളിമാനുർ, മടവൂർ പഞ്ചായത്തുകൾക്കായി 32 കോടിയിലേറെ രൂപ ചെലവിട്ട് ഒരു വർഷം മുമ്പ് കമ്മീഷൻ ചെയ്ത ഗ്രാമീണ ത്വരിത ശുദ്ധ ജലപദ്ധതിയും ജല ദൗർലഭ്യത്താൽ വീർപ്പ് മുട്ടുകയാണ്. വാമനപുരം നദിയിൽ നിന്നാണ് പ്രസ്തുത പദ്ധതിക്കായുള്ള വെള്ളം ശേഖരിക്കുന്നത്. മൂന്ന് പഞ്ചായത്തുകളിൽ നടപ്പിലാക്കിയ പദ്ധതിയിൽ പൂർണമായും പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടില്ല എന്ന ആക്ഷേപവും ഉണ്ട്. ആയിരക്കണക്കിന് ഹൗസ് കണക്ഷനുകളുമാണ് മൂന്ന് പഞ്ചായത്തുകളിലുമായി നൽകിയിരിക്കുന്നത്. നിലവിൽ പല ദിവസങ്ങളിലും ജലക്ഷാമം കാരണം കുടിവെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്.