തിരുവനന്തപുരം: ശിക്ഷായിളവ് നൽകി 2011ൽ വിട്ടയച്ച തടവുകാരെ എട്ടു വർഷത്തിനു ശേഷം കണ്ടെത്തി വീണ്ടും ജയിലിലാക്കുന്നത് അസാധാരണവും അപ്രായോഗികവുമാണെന്ന് സർക്കാർ. ഗവർണറുടെ ഭരണഘടനാപരമായ അധികാരമുപയോഗിച്ചാണ് വിട്ടയച്ചത്. ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരം ശിക്ഷാകാലാവധി ഇളവുചെയ്ത് ഏതു തടവുകാരനെയും ഗവർണർക്ക് വിട്ടയയ്ക്കാം.

മുന്നൂറിലധികം തടവുകാരെ സൂക്ഷ്‌മപരിശോധന നടത്തി അതിൽ നിന്ന് 209 പേരെ വിട്ടയച്ചതാണെന്നും, ഭരണഘടനാപരമായ അധികാരത്തിൽ ഹൈക്കോടതി ഇടപെട്ടെന്നും ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകും.

വിട്ടയച്ചവരിൽ ആരും ശിക്ഷിക്കപ്പെട്ട് വീണ്ടും ജയിലിലെത്തിയിട്ടില്ല. ചിലർ മരണപ്പെട്ടു, ചിലർ സംസ്ഥാനം വിട്ടു. ചുരുക്കം ചിലർ വിദേശത്താണ്. മോചിപ്പിക്കപ്പെട്ട ജീവപര്യന്തം തടവുകാരിൽ അഞ്ചു പേർ മാത്രമാണ് 14 വർഷ ശിക്ഷ പൂർത്തിയാക്കിയത്. നൂറിലേറെപ്പേർ 10 വർഷത്തിൽ താഴെയേ ശിക്ഷയനുഭവിച്ചുള്ളൂ. 14 വർഷമെങ്കിലും പൂർത്തിയാക്കാത്ത ജീവപര്യന്തം തടവുകാർക്ക് ശിക്ഷായിളവ് നൽകരുതെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് സി.ആർ.പി.സിയിലെ 433-ാംവകുപ്പ് ഭേദഗതി ചെയ്തിരുന്നു.

കേരളപ്പിറവിയുടെ വജ്രജൂബിലി പ്രമാണിച്ച് 2016ൽ 739 തടവുകാരുടെ ശിക്ഷയിളവിന് ഗവർണർ അനുമതി നൽകിയെങ്കിലും ഹൈക്കോടതി തടഞ്ഞു. 2017ൽ മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഗവർണർ ഒപ്പിടാത്തതിനാൽ കേരളത്തിൽ മാത്രം നടപ്പായില്ല. ഗവർണർ അനുവദിക്കുന്ന ശിക്ഷായിളവ് നടപ്പാക്കാൻ ഹൈക്കോടതിയുടെ അനുമതി വേണമെന്ന ഉത്തരവിനെതിരെ സർക്കാർ റിവ്യൂഹർജി നൽകിയിരിക്കുകയാണ്.

സ്ത്രീധനക്കൊല, മാനഭംഗം, മനുഷ്യക്കടത്ത്, കുട്ടികളെ പീഡിപ്പിക്കൽ, കള്ളനോട്ട്, മയക്കുമരുന്ന്, വിദേശനാണ്യ വിനിമയ കേസുകളിലും പോട്ട, യു.എ.പി.എ, ടാഡ എന്നീ ഭീകരവിരുദ്ധ നിയമപ്രകാരവും ശിക്ഷിക്കപ്പെട്ടവർക്ക് ശിക്ഷായിളവ് നൽകില്ല.

ശിക്ഷായിളവിന്റെ വഴികൾ

 ജയിലിൽ നല്ലപെരുമാറ്രമാണെങ്കിൽ തടവുകാർക്ക് മൂന്ന് തലത്തിലുള്ള ഇളവുകൾ നൽകാനാവും. ജയിൽ സൂപ്രണ്ടിന് 30 ദിവസവും ഡി.ജി.പിക്ക് 60 ദിവസവും സർക്കാരിന് എത്ര വേണമെങ്കിലുമോ ഇളവ് നൽകാം.

 പരിഗണിക്കാൻ മൂന്ന് റിപ്പോർട്ടുകൾ

1 ) ജയിലിലെ പെരുമാറ്റം, സഹതടവുകാരോടും ഉദ്യോഗസ്ഥരോടുമുള്ള ഇടപെടൽ എന്നിവ വച്ച് ജയിൽസൂപ്രണ്ടിന്റെ റിപ്പോർട്ട്

2) മോചിതനായാൽ തടവുകാരനോ ഇരയ്ക്കോ കുടുംബങ്ങൾക്കോ ജീവന് ഭീഷണിയുണ്ടോ, ക്രമസമാധാന പ്രശ്‌നമാകുമോ എന്നുള്ള പൊലീസ് റിപ്പോർട്ട്

3) മോചിപ്പിച്ചാൽ കുടുംബവും സമൂഹവും അംഗീകരിക്കുമോയെന്ന ജില്ലാ പ്രൊബേഷനറി ഓഫീസർമാരുടെ റിപ്പോർട്ട്

ആഘോഷകാലത്തെ മോചനങ്ങൾ

1991
ഡോ.ബി.ആർ.അംബേദ്കറുടെ ജന്മശതാബ്ദിക്ക് യു.ഡി.എഫിന്റെ ഇളവ്
1997
സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ എൽ.ഡി.എഫിന്റെ ഇളവ്
2000
മില്ലേനിയം ആഘോഷങ്ങളുടെ ഭാഗമായി എൽ.ഡി.എഫിന്റെ ഇളവ്
2006
കേരളത്തിന്റെ അമ്പതാം പിറന്നാളിന് വി.എസ് സർക്കാരിന്റെ ഇളവ്
2012
കേരളപ്പിറവി ദിനത്തിൽ യു.ഡി.എഫിന്റെ ഇളവ്

(എല്ലാത്തവണയും 30മുതൽ 50തടവുകാർ വരെ മോചിതരായി)

''അനർഹരായ ഒരാൾക്കും ശിക്ഷായിളവ് നൽകിയിട്ടില്ല. നിയമോപദേശം തേടിയശേഷം അപ്പീൽ പോവും''

-എം.വി.ജയരാജൻ,
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി