വെള്ളറട: മലയോരമേഖലയിൽ ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് വെള്ളറടയിൽ രണ്ട് പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് തുടക്കമിടുന്നത്. വെള്ളറട ഗ്രാമപഞ്ചായത്തിലെ പന്നിമല വാർഡിൽ പ്ലാങ്കുടിക്കാവ് നെടുംപാറ ഇക്കോടൂറിസം പദ്ധതിയുടെ നിർമ്മാണത്തിനായി ഗ്രാമപഞ്ചായത്ത് ഇരുപത് ലക്ഷം രൂപയാണ് വകയിരുത്തിയത്. പ്രകൃതി ഭംഗി ആസ്വദിക്കാൻ സമീപ പ്രദേശങ്ങളിൽ നിന്നും നിരവധിപേരാണ് ഇവിടെ എത്തുന്നത്. ടൂറിസത്തെ പരിഭോഷിപ്പിച്ച് ടൂറിസം വികസനം സാധ്യമാക്കുകയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. സഹ്യപർവത അടിവാരത്തെ കൂനിച്ചി, കൊണ്ടകെട്ടി മലയടിവാരത്ത് കുരിശുമല, കാളിമല തീർത്ഥാടന കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നു. ഇവിടെയാണ് പ്ളാങ്കുടുക്കാവ് നെടുംപാറ ഇക്കോടൂറിസം പദ്ധതി തുടങ്ങുന്നത്. ഇതിനു പുറമെ രണ്ടേക്കറോളം വിസ്തീർണ്ണമുള്ള വെള്ളറട വാർഡിലെ ചിറത്തലയ്ക്കൽ കുളം നവീകരിച്ച് ഫെഡൽ ബോട്ടും നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുവേണ്ടി ഗ്രാമപഞ്ചായത്ത് 38 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി നീക്കിവച്ചിരിക്കുന്നത്.
നെടുംപാറ ഇക്കോടൂറിസത്തിന് ഗ്രാമപഞ്ചായത്ത് അനുവദിച്ചത്...........20 ലക്ഷം
ചിറത്തലയ്ക്കൽ കുളം നവീകരിക്കാൻ ........38 ലക്ഷം
പ്രകൃതി ഭംഗിക്ക് കോട്ടം തട്ടാതെ ടൂറിസം
പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കന്യാകുമാരിയും തൃപ്പരപ്പും ചിറ്റാറും കണ്ട് മടങ്ങിവരുന്ന ടൂറിസ്റ്റിന് നെയ്യാർ ഡാം റോഡിൽ നിന്നും ഏറെ അകലെയല്ലാത്ത പ്ളാങ്കുടിക്കാവ് ഇക്കോടൂറിസവും സന്ദർശിക്കാൻ സാധിക്കും. മല മുകളിൽ കയറിയാൽ കിലോമീറ്ററുകൾ ദൂരമുള്ള ഗ്രാമകാഴ്ചകൾ കാണാൻ കഴിയുന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇത് കണക്കിലെടുത്ത് പ്രകൃതി ഭംഗിക്ക് കോട്ടം തട്ടാതെ മലയോരപഞ്ചായത്തിൽ ടൂറിസത്തിലൂടെ തൊഴിൽ സാധ്യതകൾ കൂടെ കണക്കിലെടുത്താണ് പണികൾ തുടങ്ങുന്നത്.
ആവശ്യമായ പദ്ധതികൾ നടപ്പിലാക്കും
ടൂറിസ്റ്റുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ആവശ്യമായ പദ്ധതികൾ നടപ്പിലാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
ആദ്യം ടൂറിസ്റ്റുകൾക്ക് വെയിൽ ഏൽക്കാതെ ഇരിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും ചെറു കുടിലുകളും നിർമ്മിക്കാനാണ് തീരുമാനം. ഇതിനുമുന്നോടിയായി ടൂറിസം ഡിപ്പാർട്ട് മെന്റിന്റെയും എം.എൽ.എ യുടെയും സഹായത്തോടുകൂടി കൂടുതൽ ഫണ്ടുകൾ വിനിയോഗിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് ആവശ്യമായ പദ്ധതികളും നടപ്പിലാക്കാനാണ് പഞ്ചായത്ത് ലക്ഷ്യം.